ദാമുവിന്റെ അത്യാഗ്രഹം വരുത്തിയ വിന (Dhamuvinte athyagraham varuthiya vina)(The greedy Dhamu)

                                 ഒരിടത്തൊരിടത്ത് ദാമു എന്ന് പേരുള്ള സ്വാർത്ഥനും അത്യാഗ്രഹിയുമായ ഒരു മനുഷ്യനുണ്ടായിരുന്നു.  ഒരു ദിവസം അയാളുടെ മുപ്പതു സ്വർണനാണയങ്ങൾ അടങ്ങിയ സഞ്ചി നഷ്ടമായി. അയാൾ കുറെ അന്വേഷിച്ചിട്ടും സഞ്ചി കിട്ടിയില്ല. അയാൾ നിരാശനായി.
 
                                അയാൾ നിരാശനായിരിക്കുന്നത് കണ്ട അയാളുടെ സുഹൃത്ത് കാര്യം അന്വേഷിച്ചു. സ്വർണനാണയങ്ങൾ കാണാതായ വിവരം ദാമു സുഹൃത്തിനോട്  പറഞ്ഞു. അയാളുടെ സുഹൃത്ത് ഒരു സത്യസന്ധനും പരോപഹാരിയും ആയിരുന്നു. സുഹൃത്തിന്റെ പേര് രാമു എന്നായിരുന്നു. രാമു ദാമുവിനെ സഹായിക്കാനായി നാണയത്തിനു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.
 
                                 കുറെ അന്വേഷണത്തിനൊടുവിൽ രാമുവിന് ദാമുവിന്റെ നാണയങ്ങൾ അടങ്ങുന്ന സഞ്ചി കിട്ടി.

                                   രാമു സഞ്ചിയുമായി ദാമുവിന്റെ അടുക്കലെത്തി. ദാമുവിന് സന്തോഷമായി. ദാമു സഞ്ചി തുറന്ന് നാണയങ്ങൾ എണ്ണി നോക്കി. മുപ്പതു സ്വർണനാണയങ്ങൾ അതിൽ ഉണ്ടായിരുന്നു. അപ്പോൾ അത്യാഗ്രഹിയായ ദാമു രാമുവിനോട് പറഞ്ഞു. "അല്ലയോ സുഹൃത്തേ, ഇതിൽ നാല്പത് സ്വർണനാണയങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ ഇതിൽ മുപ്പതു നാണയങ്ങളെ ഉള്ളൂ. താങ്കൾ ബാക്കി നാണയങ്ങൾ എടുത്തോ ?" 

                                   "ആ സഞ്ചിയിൽ അത്രയും നാണയങ്ങളെ ഉണ്ടായിരുന്നുള്ളു. ഞാൻ അതിൽ നിന്നും ഒന്നും എടുത്തിട്ടില്ല." രാമു വിഷമത്തോടെ  പറഞ്ഞു. എന്നാൽ ദാമു  അത് സമ്മതിച്ചില്ല. അവർ തമ്മിൽ തർക്കമായി. അവസാനം തർക്കം മൂത്ത്‌ നായാധിപന്റെ അടുത്ത് പോകാമെന്നായി.

                                      അവർ രണ്ടു പേരും കൂടി ഒരു നായാധിപന്റെ അടുത്ത് ചെന്നു. എന്നിട്ട്  നടന്നതെല്ലാം ന്യായാധിപനെ അറിയിച്ചു. ന്യായാധിപൻ കുറച്ചു സമയം ആലോചനാ നിമഗ്നായി ഇരുന്നു. അതിന് ശേഷം ദാമുവിനോട് ചോദിച്ചു. "നിങ്ങളുടെ സഞ്ചിയിൽ നാൽപതു സ്വർണനാണയങ്ങൾ ഉണ്ടായിരുന്നെന്ന് നിങ്ങള്ക്ക് ഉറപ്പാണോ ?" അത്യാഗ്രഹിയായ ദാമു പറഞ്ഞു. " അതെ, ആ സഞ്ചിയിൽ നാല്പത് സ്വർണനാണയങ്ങൾ ഉണ്ടായിരുന്നു." അതുകേട്ട ന്യായാധിപൻ രാമുവിനോടു ചോദിച്ചു. "നിങ്ങൾ ഈ സഞ്ചിയിൽ നിന്ന് നാണയങ്ങൾ എടുത്തോ?" രാമു വിഷമത്തോടെ പറഞ്ഞു. "ഇല്ല. ഞാൻ അതിൽ നിന്ന് ഒന്നും എടുത്തിട്ടില്ല.എന്റെ കൈയിൽ കിട്ടിയപ്പോൾ മുപ്പതു നാണയങ്ങളെ ഉണ്ടായിരുന്നൊള്ളു."

                                        കുറച്ചു നേരത്തിന് ശേഷം ന്യായാധിപൻ ദാമുവിനോട് പറഞ്ഞു. "നിങ്ങളുടെ സഞ്ചിയിൽ നാൽപതു നാണയങ്ങൾ ഉണ്ടായിരുന്നെന്ന് അല്ലെ പറഞ്ഞത്. പക്ഷെ ഈ സഞ്ചിയിൽ മുപ്പതു നാണയങ്ങളെ ഉള്ളൂ. അതുകൊണ്ട് ഈ സഞ്ചി നിങ്ങളുടേത് ആയിരിക്കില്ല. ഈ സഞ്ചി ഞാൻ രാമുവിന് കൊടുക്കുവാണ്. നിങ്ങളുടെ സഞ്ചി ഏത്രയും പെട്ടെന്ന് കിട്ടട്ടെ എന്ന് ആശംസിക്കുന്നു."                          
                             

                                    അങ്ങനെ അത്യാഗ്രഹിയായ ദാമു നാണിച്ചു തലയും താഴ്ത്തി നിന്നു. പരോപകാരിയായ രാമുവിന് മുപ്പത് സ്വർണനാണയങ്ങൾ കിട്ടി.
ദാമു അത്യാഗ്രഹത്തിനു പോയില്ലായിരുന്നെങ്കിൽ അയാൾക്ക്‌ നഷ്ടപെട്ട സ്വർണനാണയങ്ങൾ തിരിച്ചു കിട്ടിയേനെ.


ഗുണപാഠം ::  അത്യാഗ്രഹം ആപത്ത് .... .
                

                                    

                                    

അപ്പൂപ്പനും അമ്മൂമ്മയും അപ്പവും !! (Appooppanum Ammoommayum Appavum)

                                                    
                                        പണ്ട് പണ്ട് ഒരുപാട് ദൂരെ ഒരു ഗ്രാമത്തിൽ ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു. അവർ രണ്ടുപേരും ഭയങ്കര പിടിവാശിക്കാരായിരുന്നു. അപ്പൂപ്പനാകട്ടെ ഒരു പിശുക്കനും. പല ദിവസവും അവർ പട്ടിണി കിടന്നു. ഭക്ഷണം കഴിച്ചാൽ ചിലവ് കൂടുമല്ലോ എന്ന് കരുതിയാണ് അവർ ജീവിച്ചത്. 

                                                     അങ്ങനെയിരിക്കെ ഒരു ദിവസം അടുത്ത വീട്ടിൽ നിന്നും നല്ല അപ്പം ചുടുന്ന നറുമണം വന്നപ്പോൾ അപ്പൂപ്പനും അമ്മൂമ്മക്കും നാവിൽ വെള്ളം ഊറി. അവർക്കും അപ്പം തിന്നാൻ കൊതി ആയി. അമ്മൂമ്മ പറഞ്ഞു കുറച്ച് അരിയും തേങ്ങയും കൊണ്ടുവന്നാൽ നല്ല അപ്പം ചുട്ടു നമുക്കും കഴിക്കാം. അപ്പൂപ്പൻ സമ്മതിച്ചു. 

                              പക്ഷേ അരി മേടിച്ചാൽ പൈസ ചിലവാകുമല്ലോ. അപ്പൂപ്പൻ ആലോചിച്ചു!  ആലോചിച്ച് ആലോചിച്ച് അവസാനം അപ്പൂപ്പൻ ഒരു ഉപായം കണ്ടെത്തി,  പൈസ ചെലവാക്കാതെ അരിയും തേങ്ങയും സംഘടിപ്പിക്കാൻ. 

                                        എന്നിട്ട് അപ്പൂപ്പൻ എന്ത് ചെയ്തെന്നോ? അപ്പൂപ്പൻ തന്റെ പുതപ്പിന്റെ അറ്റത്തു  ചക്ക പശ പുരട്ടി അരിക്കടയിലേക്ക് നടന്നു. കടയിൽ അരി വച്ചിരിക്കുന്ന ചാക്കിന് മുകളിൽ പശയുള്ള പുതപ്പ് ഒന്നുമറിയാത്തതുപോലെ ഇട്ടതിനു ശേഷം തിരിച്ചെടുത്തു. അപ്പോൾ കുറച്ച് അരിമണികൾ പശയിൽ പറ്റിപിടിച്ചു! ആരും കാണാതെ അപ്പൂപ്പൻ അവ പെറുക്കിയെടുത്തു. ഇത് പലവട്ടം ആവർത്തിച്ചപ്പോൾ കിട്ടിയ കുറച്ച് അരിയുമായി അപ്പൂപ്പൻ വീട്ടിലേക്കു തിരിച്ചു! 

                                                   പോകുന്ന വഴിയിൽ ഒരു കാക്ക തേങ്ങയുമായി പറന്നു വരുന്നത് കണ്ട അപ്പൂപ്പൻ ഒരു കല്ലെടുത്തു കാക്കയെ എറിഞ്ഞു. പേടിച്ചുപോയ കാക്ക തേങ്ങാ ഉപേക്ഷിച്ചു പറന്നുപോയി! അപ്പൂപ്പനാകട്ടെ ആ തേങ്ങയുമെടുത്തു വീട്ടിലെത്തി. അതിനുശേഷം അരിയും തേങ്ങയും അമ്മൂമ്മയുടെ കയ്യിൽ കൊടുത്തിട്ട് അപ്പം ചുടാൻ പറഞ്ഞു.

                                                 അമ്മൂമ്മ അരിയൊക്കെ കഴുകി പൊടിച്ച് തേങ്ങായും ചേർത്ത് അപ്പം ചുട്ടു.  ചുട്ടുകഴിഞ്ഞപ്പോൾ ആകെ മൂന്നപ്പം! രണ്ടുപേർക്കും വായിൽ വെള്ളം ഊറി. അവർ അപ്പം പങ്കിടാൻ തീരുമാനിച്ചു.

                                                       അപ്പൂപ്പൻ പറഞ്ഞു എനിക്ക് രണ്ട് അപ്പം വേണം അമ്മൂമ്മ ഒരെണ്ണം എടുത്താൽ മതി. അമ്മൂമ്മ സമ്മതിക്കുമോ? അമ്മൂമ്മ പറഞ്ഞു ഞാൻ കഷ്ടപ്പെട്ട് അപ്പം ഉണ്ടാക്കിയിട്ട് എനിക്ക് ഒരെണ്ണമോ? എനിക്ക് രണ്ടെണ്ണം വേണം, അപ്പൂപ്പൻ ഒരെണ്ണം എടുത്താൽ മതി. അപ്പൂപ്പൻ സമ്മതിച്ചില്ല. കഷ്ടപ്പെട്ട് അരിയും തേങ്ങയും സംഘടിപ്പിച്ച തനിക്ക് രണ്ടപ്പം കിട്ടിയേ തീരൂ എന്നായി. രണ്ടുപേരും തർക്കിച്ചു മടുത്തു. അവസാനം രണ്ടുപേരും കൂടി ഒരു തീരുമാനമെടുത്തു. 

                                                      രണ്ടുപേരും മിണ്ടാതെയിരിക്കാം. ആര് ആദ്യം മിണ്ടുന്നോ അയാൾ തോൽക്കും, അയാൾക്ക്‌ ഒരപ്പം! വിജയിക്കുന്ന ആൾക്ക് രണ്ടപ്പവും!

                                                     അങ്ങനെ അവർ മത്സരം ആരംഭിച്ചു. രണ്ടുപേരും മിണ്ടാതെ ഇരിക്കാൻ തുടങ്ങി. ഇരുന്നിരുന്ന് മടുത്ത അവർ കിടന്നു. കടുത്ത മത്സരമാണല്ലോ ഇത്തിരി വൈകിയാലും രണ്ടപ്പം കിട്ടുമല്ലോ എന്ന്  ഇരുവരും കരുതി.

                                                     അപ്പോഴാണ് ഒരു കാക്ക അതുവഴി പറന്നു വന്നത്. കാക്ക നോക്കുമ്പോൾ മൂന്ന് അപ്പം ഉണ്ടാക്കി വെച്ചിട്ട് അപ്പൂപ്പനും അമ്മൂമ്മയും മാറി കിടക്കുന്നു. കാക്ക കൂടുതൽ ഒന്നും ആലോചിച്ചില്ല, ഒരപ്പവും കൊത്തിയെടുത്തു പറന്നുപോയി. അപ്പൂപ്പനും അമ്മൂമ്മയും അതൊന്നും ശ്രദ്ധിക്കാതെ കിടന്നു. മിണ്ടിയാൽ ഒരപ്പമല്ലേ കിട്ടൂ.

                                                   കുറച്ചു അഴിഞ്ഞപ്പോൾ ഒരു പൂച്ച  അതുവഴി വന്നു. ഒരപ്പം പൂച്ചയും  എടുത്തുകൊണ്ടു പോയി. അപ്പൂപ്പനും അമ്മൂമ്മയും അറിഞ്ഞതുമില്ല ഒന്നും മിണ്ടിയുമില്ല, മിണ്ടിയാൽ തോറ്റുപോവില്ലേ!

                                                   അത് കണ്ടുകൊണ്ട് അടുത്തവീട്ടിലെ ഒരു കുട്ടി അതിലേ വന്നു. അവന് വിശക്കുന്നുണ്ടായിരുന്നു. അവൻ അപ്പൂപ്പനേം അമ്മൂമ്മയേം മാറി മാറി വിളിച്ചു. രണ്ടുപേരും മിണ്ടുന്നില്ല. അവൻ മിച്ചമുണ്ടായിരുന്ന അപ്പവും എടുത്ത് തന്റെ വീട്ടിലേക്കു പോയി. 

                                                പോകുന്ന വഴി കണ്ട മുതിർന്ന ഒരാളോട് അവൻ പറഞ്ഞു അപ്പൂപ്പനും അമ്മൂമ്മയും മരിച്ചു എന്ന്! അയാൾ വേഗം അവിടെയെത്തി. അപ്പൂപ്പനേം അമ്മൂമ്മയേം വിളിച്ചുനോക്കി, അനക്കമില്ല. അയാൾ ആദ്യം തന്നെ അപ്പൂപ്പന്റെ വായും മൂക്കും മൂടിക്കെട്ടി. ശ്വാസം മുട്ടിയ അപ്പൂപ്പൻ ശബ്ദം ഉണ്ടാക്കി. അപ്പോൾ അമ്മൂമ്മ ചാടിയെണീറ്റ് ഞാൻ ജയിച്ചേ എനിക്ക് രണ്ടപ്പം കിട്ടിയേ എന്ന് പറഞ്ഞു അടുക്കളയിലേക്ക് ഓടി. കൊതിയോടെ നോക്കിയപ്പോൾ ഒരപ്പം പോലും മിച്ചമില്ല!  
രണ്ടുപേരും ഇളിഭ്യരായി. 
വിട്ടുവീഴ്ച ചെയ്തിരുന്നേൽ ഒരപ്പമെങ്കിലും കിട്ടിയേനെ എന്ന് അവർ ചിന്തിച്ചു.

ഗുണപാഠം ::  വാശി പിടിച്ചാൽ  ഉള്ളതും കൂടെ ഇല്ലാതാക്കും   .... .



അപ്പൂപ്പനും അമ്മൂമ്മയും ചാമ്പങ്ങയും (Appooppanum Ammoommayum Champangayum) (The Older Couple and The Water Apple)

                                                     ഒരിടത്തൊരിടത്ത്  ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു.
                                             അവരുടെ വീടിനു മുന്നിൽ ഒരു ചാമ്പ മരം ഉണ്ടായിരുന്നു. ആ ചാമ്പ മരത്തിൽ നിറയെ ചാമ്പങ്ങ ഉണ്ടായി.
ചാമ്പമരം മുഴുവൻ ചാമ്പങ്ങ പഴുത്തു കിടക്കുന്നത് കാണുവാൻ നല്ല രസമായിരുന്നു.

                                             അങ്ങനെയിരിക്കെ ഒരു ദിവസം അമ്മൂമ്മ അപ്പൂപ്പനോട് പറഞ്ഞു. "എന്ത് രസമാണ് ചാമ്പങ്ങ പഴുത്തു കിടക്കുന്നതു കാണുവാൻ. നമുക്ക്  ഇതാർക്കും കൊടുക്കേണ്ട. അടുത്ത വീടുകളിലെ കുട്ടികൾ വരുമ്പോൾ നമുക്കവരെ ഓടിക്കാം. "

                                              ഇതുകേട്ട് അപ്പൂപ്പൻ പറഞ്ഞു. "ശരിയാ , ഇതാർക്കും കൊടുക്കേണ്ട. നമുക്കും കഴിക്കേണ്ട. എന്നും കണ്ടു കൊണ്ടിരിക്കും."

                          അപ്പൂപ്പനും അമ്മൂമ്മയും ചാമ്പയ്ക്ക് കാവലിരുന്നു.അവർ ചാമ്പങ്ങ പറിക്കാൻ വന്ന കുട്ടികളെയെല്ലാം ഓടിച്ചു. അവർ പഴുത്തു ചുവന്ന ചാമ്പങ്ങ സന്തോഷത്തോടെ  കണ്ടു കൊണ്ടിരുന്നു.

                                     അങ്ങനെയിരിക്കെ അവരുടെ ചാമ്പങ്ങ രാത്രിയിൽ  ആരോ  പറിക്കുന്നുണ്ടെന്ന് അവർക്കു മനസിലായി. അവർ ആളെ കണ്ടുപിടിക്കാൻ തീരുമാനിച്ചു. അത് ഒരു മരപ്പട്ടിയാണെന്ന്‌ അവർക്ക് മനസിലായി.

                               അപ്പൂപ്പനും അമ്മൂമ്മയും മരപ്പട്ടിയെ എങ്ങനെ പിടിക്കാം എന്ന് തല പുകഞ്ഞാലോചിച്ചു. അങ്ങനെ അമ്മൂമ്മക്കൊരു ഒരു ബുദ്ധി തോന്നി.

                                  അമ്മൂമ്മ പറഞ്ഞു . "രാത്രി ആകുമ്പോൾ അപ്പൂപ്പൻ ചാമ്പ മരത്തിനു മുകളിൽ ഇരിക്കണം. മരപ്പട്ടി വരുമ്പോൾ അതിനെ കുലുക്കി താഴേക്കിടണം. ഞാൻ ഒരു വടിയുമായി താഴെ ഇരിക്കാം. ഞാൻ അതിനെ അടിച്ചു കൊല്ലാം." അപ്പൂപ്പൻ സമ്മതിച്ചു.

                              അങ്ങനെ രാത്രിയായി. അപ്പൂപ്പൻ ചാമ്പ മരത്തിനു മുകളിൽ പുതച്ചു മൂടി ഇരുന്നു. അമ്മൂമ്മ  ചാമ്പ മരത്തിന്റെ ചുവട്ടിലും ഇരുന്നു. കുറെ നേരമായിട്ടും മരപ്പട്ടി വന്നില്ല. അപ്പൂപ്പന് ഉറക്കം വന്നു തുടങ്ങി. അപ്പൂപ്പൻ അങ്ങനെ ഇരുന്ന് ഉറങ്ങിപ്പോയി. ഉറങ്ങി മരത്തിൽ നിന്നു താഴേക്കു വീണു.
രാത്രിയല്ലേ അമ്മുമ്മക്കുണ്ടോ കണ്ണു കാണാൻ പറ്റുന്നുള്ളു! അമ്മൂമ്മ മരപ്പട്ടിയാണെന്നു വിചാരിച്ച് അപ്പൂപ്പനെ അടിയോടടി.

                            അപ്പൂപ്പൻ വേദന കൊണ്ട് ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി. നിലവിളിക്കുന്ന ശബ്ദം കേട്ടപ്പോൾ  അമ്മൂമ്മക്ക്‌ തോന്നി."ഇത്  മരപ്പട്ടിയുടെ സ്വരമല്ലല്ലോ. ഒരു മനുഷ്യന്റെ സ്വരം  ആണല്ലോ ?" അമ്മൂമ്മ പുതപ്പു മാറ്റി നോക്കിയപ്പോൾ , അതാ പാവം അപ്പൂപ്പൻ അടി കൊണ്ട് അവശനായി കിടക്കുന്നു. അമ്മൂമ്മക്കും വിഷമമായി.

                                   പിന്നീട് അവർ എല്ലാവർക്കും ചാമ്പങ്ങ കൊടുക്കാൻ
തുടങ്ങി. കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ അവർക്കും സന്തോഷം തോന്നി.

ഗുണപാഠം ::  നമ്മുക്കുള്ളത് മറ്റുള്ളവരുമായി പങ്കു വച്ചാൽ സന്തോഷം ഇരട്ടിയാകും  .... .

                                 
                                     

സ്വർണമീനും കാക്കയും (Swarnameenum Kakkayum) (The Gold Fish & The Crow)





                                                          
                           ഒരു കുളത്തിൽ ഒരു സ്വർണമീനുണ്ടായിരുന്നു. വലിയ അഹങ്കാരിയായിരുന്നു അവൻ.




"അയ്യയ്യേ! നിങ്ങളെയൊക്കെ കാണാൻ ഒരു ഭംഗിയുമില്ല. എന്നാൽ എന്നെ നോക്ക്, എന്തു ഭംഗിയാണെനിക്ക്! " , സ്വർണമീൻ എപ്പോഴും മറ്റു മീനുകളെ കളിയാക്കും.

                                 അങ്ങനെയിരിക്കെ ഒരു കാക്കച്ചേട്ടൻ അതുവഴി വന്നു. കുളത്തിൽ എന്തോ സ്വർണനിറത്തിൽ  വെട്ടിത്തിളങ്ങുന്നത്  കാക്കചേട്ടന്റെ കണ്ണിൽപ്പെട്ടു.

                              "ഹയ്യടാ , അതൊരു സ്വർണമീനാണല്ലോ!"  , കാക്കചേട്ടന്റെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞു.

                           
 കാക്കച്ചേട്ടൻ വേഗം സ്വർണമീനിനെ ഒറ്റക്കൊത്ത് ! ഭാഗ്യത്തിന് സ്വർണമീനിന്റെ ഒരു കുഞ്ഞിച്ചിറകിനു മാത്രമേ കൊത്തുകോണ്ടുള്ളൂ.

                           


                                  ഏതായാലും സ്വർണമീനിന്‌ നന്നായി വേദനിച്ചു. തനിക്ക് സ്വർണനിറം  ഉള്ളതുകൊണ്ടാണ്  കാക്കച്ചേട്ടൻ കൊത്താൻ വന്നതെന്ന് സ്വർണമീനിന്‌ മനസിലായി.

                              അതോടെ സ്വർണമീനിന്റെ അഹങ്കാരമെല്ലാം പമ്പ കടന്നു. നല്ല ഒരു കുഞ്ഞു മീനായി അവൻ കുളത്തിൽ കഴിഞ്ഞു കൂടി.

ഗുണപാഠം ::  നമ്മുടെ അഹങ്കാരം നമുക്ക് ആപത്തുണ്ടാക്കും .... .

ബീമുവിനെ കുടുക്കി (Beemuvine Kudukki) (Trapped the Beemu)


                                                 



                      കാട്ടരുവിയുടെ തീരത്ത് ബീമു എന്നൊരു കരടികുട്ടനുണ്ടായിരുന്നു. മറ്റുള്ളവരെ പേടിപ്പിക്കുകയായിരുന്നു അവന്റെ വിനോദം.






               ഒരു ദിവസം
ബീമു കാട്ടരുവിയുടെ അരികിലൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് ചൊങ്കൻ കരടി കാട്ടരുവിയുടെയരികിലെ ഒരു പാറയിൽ ചാരി ഇരിക്കുന്നത് കണ്ടത്.





                   

                                         "ഹി! ഹി! കരടിച്ചേട്ടനെ ഒന്നു പേടിപ്പിക്കാം..." ബീമു വിചാരിച്ചു.എന്നിട്ട്  അവൻ കരടിയുടെ അരികിലെത്തിയിട്ട് ഒറ്റ കരച്ചിൽ.. "ഗ്രാ....."






                             പേടിച്ചു വിറച്ച കരടി "യ്യോ... മ്മോ .." ന്ന്  കരഞ്ഞു ചാടി എണീറ്റു . വെപ്രാളത്തിനിടയിൽ കാൽ തെറ്റി അവൻ കാട്ടരുവിയിൽ വീണു.






                         


                                 പിന്നീട് ഒരു വിധത്തിലാണ് കരടി കരയ്ക്കു കയറിയത്. "ദുഷ്ടാ... നീ ഇതിന് അനുഭവിക്കും..." എന്ന് പറഞ്ഞിട്ട് കരടി വീട്ടിലേക്കു മടങ്ങി.

                           




                      ആ ദിവസം ബീമു കാട്ടിലെ ചതുപ്പിനരികിലൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് കോക്രി തവളയെ കണ്ടത്. അവൻ കുളക്കരയിലെത്തിയപ്പോൾ തവള പറഞ്ഞു.

                           


                                    "ചേട്ടാ.. ഇങ്ങോട്ടു വാ .. നമുക്ക് നീന്തി കളിക്കാം..."  ബീമുവിന് അത് പിടിച്ചില്ല.. "  ഹും , എന്നെ കളിയാക്കുന്നോടാ..." അവൻ ചതുപ്പിലേക്കിറങ്ങി .

                           








                    പക്ഷേ അവന്റെ രണ്ടു കാലുകളും ചതുപ്പിൽ കുടുങ്ങി."യ്യോ.. മ്മേ ....." അവൻ പറഞ്ഞു. അതുകണ്ട് തവള പറഞ്ഞു. "മറ്റുള്ളവരെ പേടിപ്പിക്കുന്നതിനുള്ള ശിക്ഷയാണത്."








ഗുണപാഠം ::  മറ്റുള്ളവരെ ദ്രോഹിച്ചാൽ തിരിച്ചും ശിക്ഷ കിട്ടും .... .

സന്യാസിയും നായയും (Sanyasiyum Nayayum) (The Monk and the Dog)




                                                  ഒരു കൊടുങ്കാട്ടിൽ ഒരു സന്യാസി ജീവിച്ചിരുന്നു. കായ്കനികൾ മാത്രമായിരുന്നു ആഹാരം .
ഒരു നാൾ എവിടെ നിന്നോ ഒരു നായ അലഞ്ഞു തിരിഞ്ഞ് സന്യാസിയുടെ ഗുഹയിലെത്തി.അലിവു തോന്നിയ സന്യാസി നായയെ തന്റെയൊപ്പം പാർപ്പിച്ചു.

                                                  നേരം വെളുത്താൽ നായ കാട്ടിലേക്കിറങ്ങും.പിന്നെ വൈകുന്നേരമാണ് തിരിച്ചു വരിക. സന്യാസിയെപ്പോലെ കായ്കനികൾ തിന്നു വിശപ്പടക്കാൻ നായയ്‌ക്കു കഴിയില്ലല്ലോ. വല്ലതും എരിവും പുളിയുള്ളതും വേണം നായയ്ക്ക്.

                                                 ഒരിക്കൽ നായ കാട്ടിൽ ഭക്ഷണമന്വേഷിച്ച്  നടക്കുകയായിരുന്നു. അതാ, മരച്ചുവട്ടിൽ ഒരു കടുവ! നായയെ കണ്ടതും കടുവ ഒറ്റച്ചാട്ടം. ഒരു നിമിഷം കൊണ്ട് നായ ഓടെടാ ഓട്ടം!

                                                നായ ചെന്നുനിന്നത് സന്യാസിയുടെ ഗുഹക്കകത്താണ്.

                                    "എന്താ, എന്തുപറ്റി?"  നിന്നു കിതയ്ക്കുന്ന നായയെ നോക്കി സന്യാസി തിരക്കി.

                                    "ഒരു കടുവ എന്നെ പിടിക്കാൻ വന്നു." നായ  പറഞ്ഞു.

                    സന്യാസി എന്തോ മന്ത്രം ചൊല്ലിയ മാത്രയിൽ നായ വലിയൊരു കടുവയായി മാറി. രൂപം മാറിയ നായ ഗുഹക്കു പുറത്തേക്കു വന്നു. മുന്നിൽ ഭീമാകാരനായ കടുവയെ കണ്ട് ജീവനും കൊണ്ട് ആദ്യത്തെ കടുവ കാട്ടിൽ മറഞ്ഞു.

                                        നായയ്ക്ക് പിന്നീട്, മറ്റു പല വലിയ മൃഗങ്ങളെയും നേരിടേണ്ടി വന്നു. അപ്പോഴെല്ലാം സന്യാസി തന്റെ മാന്ത്രിക ശക്തികൊണ്ട് നായയെ ആ മൃഗമാക്കി മാറ്റി. ചുരുക്കി പറയാമല്ലോ, ഓരോ തവണയും നായ രക്ഷപെട്ടു.

                                        ദിവസങ്ങൾ കഴിഞ്ഞു. ഒരിക്കൽ നായ തന്നെയൊരു സിംഹമാക്കണമെന്നു പറഞ്ഞു കൊണ്ടാണ് ഗുഹയിലെത്തിയത്. കാട്ടിലെ രാജാവായ സിംഹത്തെ തോൽപ്പിക്കണമെങ്കിൽ അതേ വഴിയുള്ളുവെന്ന് നായ പറഞ്ഞു. സന്യാസി തന്റെ മന്ത്രശക്തി കൊണ്ട് നായയെ ഒരു സിംഹമാക്കി.

                                       ഇനി തനിക്ക് ആ രൂപം മതിയെന്ന് നായ തീരുമാനിച്ചു.മറ്റ് ഒരു മൃഗത്തെയും ഭയപ്പെടേണ്ടല്ലോ. സിംഹം പുറത്തൊന്നും പോകാതെ ആ ഗുഹയിൽ കഴിഞ്ഞു കൂടി. കുറച്ചു കഴിഞ്ഞപ്പോൾ സിംഹത്തിനു വിശക്കാൻ തുടങ്ങി. പുറത്തു പോയി വേട്ടയാടാൻ അതിനു മടി തോന്നി. വിശപ്പടക്കാൻ സന്യാസിയെ  തന്നെ ശാപ്പിടാമെന്ന് സിംഹം തീരുമാനിച്ചു.

                                       സന്യാസി പുറത്തുപോയി മടങ്ങി വന്നപ്പോൾ അതാ സിംഹം ആക്രമിക്കാൻ തയ്യാറായി നിൽക്കുന്നു! അത് സന്യാസിയുടെ നേരെ ചാടി വീണു.

                                        ഒരു ക്ഷണം. സന്യാസി മന്ത്രം ചൊല്ലി. അതോടെ സിംഹം പഴയ നായയായി. തന്റെ മുൻപിൽ വാലാട്ടി നിന്ന നായയെ സന്യാസി പുറത്താക്കി ഗുഹയുടെ വാതിലടച്ചു.

ഗുണപാഠം ::  വന്ന വഴി മറന്ന് അഹങ്കരിക്കരുത്. അഹങ്കരിച്ചാൽ ഉള്ളതു കൂടി നഷ്ടമാകും.... .

ആട്ടിടയന്റെ വിദ്യ (Attidayante Vidhya) (Sheperd's Cunningness)


                                         

                                                        പണ്ട് പണ്ട് റഷ്യയിൽ മിലോവ് എന്നൊരു യുവാവുണ്ടായിരുന്നു. ആടുകളെ മേയ്ക്കുന്ന ജോലിയായിരുന്നു മിലോവിന്.

                                                  മിലോവിന്റെ സമപ്രായക്കാരെല്ലാം സൈന്യത്തിൽ ചേരാൻ പോയിട്ടും മിലോവ് ആടുകൾക്കൊപ്പം കഴിഞ്ഞു. മിലോവിനെ മറ്റുള്ളവർ എപ്പോഴും കളിയാക്കും.

                                                   "നല്ല തടിമിടുക്കുണ്ടല്ലോ. നാടിന് ഉപകാരമുള്ള വല്ല കാര്യത്തിനും പൊയ്ക്കൂടേ? പേടിത്തൊണ്ടൻ ..... ആടുകളെ മേച്ചു നടക്കുന്നു!."

                                                     കളിയാക്കൽ കേട്ടാലും മിലോവ് ഒന്നും മിണ്ടില്ല. അവൻ ഉണ്ണുന്നതും ഉറങ്ങുന്നതുമൊക്കെ ആടുകൾക്കൊപ്പമാണ്. ചിലപ്പോൾ മിലോവ് ആടുകളോട് സംസാരിക്കുക പോലും ചെയ്യും! മിലോവ് ഒന്ന് തലയാട്ടിയാൽപ്പോലും അതെന്തിനുവേണ്ടിയാണെന്ന് ആടുകൾക്ക് മനസ്സിലാകും . അത്ര ഇണക്കമാണ് മിലോവിനോട്.

                                                    നാളുകൾ കടന്നുപോയി. ഒരു രാത്രി മിലോവിന്റെ നാട്ടിൽ കൊള്ളക്കാരെത്തി. കരുത്തുള്ള യുവാക്കളെല്ലാം സൈന്യത്തിലായതു കാരണം മറ്റുള്ളവരെ കൊള്ളക്കാർ എളുപ്പത്തിൽ കീഴടക്കി. അക്കൂട്ടത്തിൽ മിലോവുമുണ്ടായിരുന്നു.കണ്ണിൽ കണ്ടതെല്ലാം കൊള്ളക്കാർ കവർച്ച ചെയ്തു. കൂടു തുറന്ന് ആടുകളെയും കൊള്ളക്കാർ തെളിച്ചു നടത്തി.
             
                                                  പിടികൂടിയവരെയും കൊണ്ട് കൊള്ളക്കാർ മല കയറാൻ തുടങ്ങി. ഒപ്പം ആടുകളുമുണ്ട്. ചെങ്കുത്തായ മലയുടെ ഒരു വശത്തൂടെ വരിവരിയായി പോകുകയായാണവർ.

                                                  പെട്ടെന്ന് മിലോവ് ഒരു പ്രത്യേകതരം ശബ്ദമുണ്ടാക്കി.അടുത്ത നിമിഷം ആട്ടിൻകൂട്ടത്തിലെ മുട്ടനാടുകൾ മുന്നോട്ടു കുതിച്ച് കൊള്ളക്കാരെ ഒറ്റയിടി! വിചാരിച്ചിരിക്കാതെ ഇടികൊണ്ട കൊള്ളക്കാർ മലയിൽ നിന്ന് താഴേക്ക് വീണു. ബാക്കിയുള്ളവരെ മിലോവും സംഘവും എളുപ്പത്തിൽ കീഴടക്കി.

                                                "ആടുകളെ മേച്ചു നടന്നാലും നാടിന് ഉപകാരം ചെയ്യാമെന്ന് മനസിലായില്ലേ?" തിരികെ മലയിറങ്ങുമ്പോൾ മിലോവ് ചോദിച്ചത് കേട്ട് മറ്റുള്ളവർ ഒന്നും മിണ്ടിയില്ല.

ഗുണപാഠം ::  ഏതു  ജോലിക്കും അതിന്റേതായ മഹത്വം ഉണ്ട്. ആരെയും നിസ്സാരരായി കണ്ടു കളിയാക്കരുത്... .