ബുദ്ധിമാനായ മുയലും അഹങ്കാരിയായ സിംഹവും(Budhimanaya Muyalum Ahankariyaya Simhavum) (The Clever Rabbit and The Pride Lion)

                                                 പണ്ട് ഒരു കാട്ടിൽ ഒരു സിംഹരാജാവുണ്ടായിരുന്നു. അവൻ വലിയ അഹങ്കാരിയായിരുന്നു . കാട്ടിലെ മൃഗങ്ങൾക്കെല്ലാം അവനെ വലിയ പേടിയായിരുന്നു .  അങ്ങനെയിരിക്കെ അവൻ കാട്ടിലെ മൃഗങ്ങളെയെല്ലാം കൊന്നു തിന്നുവാൻ തുടങ്ങി. പിന്നെ മൃഗങ്ങളുടെ കഷ്ടകാലം തുടങ്ങി .

                                                 ഒരിക്കൽ അവർ ഒന്നിച്ചുചേർന്നു ഒരു ദിവസം സിംഹത്തിന്റെ മുന്നിലെത്തി വിനയത്തോടെ പറഞ്ഞു."സ്വാമീ , അങ്ങയുടെ കൃപ ഉണ്ടെങ്കിലേ അടിയങ്ങൾക്ക് ഈ കാട്ടിൽ ജീവിക്കുവാൻ കഴിയൂ. ശക്തരായവർ ഇങ്ങനെ ദുരാചാരം പ്രവർത്തിക്കുന്നതു വളരെ കഷ്ടമാണ്. രക്ഷിക്കേണ്ട പ്രജകളെയെല്ലാം അങ്ങു തന്നെ കൊന്നു ഭക്ഷിക്കുന്നത് ഒട്ടും ശരിയല്ല. ഞങ്ങളെല്ലാവരും ചേർന്ന് ഓരോ ദിവസവും ഓരോ മൃഗത്തെ അങ്ങേയ്ക്ക് ഭക്ഷണമായി തന്നു കൊള്ളാം . അതു സ്വീകരിച്ചു അങ്ങ് തൃപ്തനായി കഴിയണം. പണ്ട് ഗരുഡനും പാമ്പുകളെ ഈ വ്യവസ്ഥയിൽ രക്ഷിച്ചിരുന്നുവല്ലോ." സിംഹത്തിനു മൃഗങ്ങളുടെ അഭിപ്രായം ഇഷ്ടപ്പെട്ടു.അന്നുമുതൽ ഓരോ ബലിമൃഗം സിംഹത്തിനു ദിവസവും ഇരയായിക്കൊണ്ടിരുന്നു.

                                                മാസം ഒന്ന് കഴിഞ്ഞു. വൃദ്ധനായ ഒരു മുയലാണ് സിംഹത്തിന്റെ അന്നത്തെ ഇര. അത് തന്റെ ദുർവിധിയിൽ വല്ലാതെ ദുഖിച്ചു.
എങ്ങനെ ഞാനിതിൽ നിന്ന് രക്ഷപെടും എന്നായി അതിന്റെ ചിന്ത.ബുദ്ധിമാന്മാർ വിചാരിച്ചാൽ നടക്കാത്ത കാര്യമില്ലല്ലോ.ഇങ്ങനെ ഓരോന്നു ചിന്തിച്ചു മുയൽ പതുക്കെ നടന്നു.സിംഹത്തിന്റെ മുൻപിൽ വളരെ വൈകിയാണ് അവൻ എത്തിയത്.സിംഹമാണെങ്കിൽ വിശന്നു വലഞ്ഞിരിക്കുകയാണ്. കൃത്യസമയത്തു ഭക്ഷണമായി മൃഗം വന്നു കാണായ്കയാൽ സിംഹം കോപം കൊണ്ടു വിറച്ചു.മുയൽ വളരെ പേടിച്ചുകൊണ്ടാണ് അടുത്തുചെന്നത്. "ഇത്രയും വൈകിയതെന്ത് ? എത്ര നേരമായി ഞാൻ വിശന്നിരിക്കുന്നു ."
സിംഹം മുയലിനെ ശകാരിച്ചു. മുയൽ വിനയപൂർവം തൊഴുതുകൊണ്ട് സിംഹത്തോട് പറഞ്ഞു:

                                              "തമ്പുരാനെ അടിയൻ അങ്ങയുടെ മുന്നിലേക്ക് ധൃതിയിൽ വരികയായിരുന്നു. വഴിയിൽ മറ്റൊരു സിംഹം വന്നു എന്നെ പിടിച്ചുതിന്നുവാൻ ഒരുങ്ങി.ആ തടിയനെ പേടിച്ചു ഞാൻ കട്ടിൽ ഒരു വളഞ്ഞവഴിയിലൂടെ പോന്നതാണ്. അതാണ് ഇത്രയും താമസിച്ചത്. വൈകിയത് അടിയന്റെ കുറ്റമല്ല. സ്വാമി എന്നോട് ക്ഷമിക്കണം."

                                               "നമ്മുടെ കാട്ടിൽ മറ്റൊരു സിംഹമോ ? അവനെ കൊല്ലാതെ ഞാനിനി ഭക്ഷണം കഴിക്കില്ല.ആ ഭോഷൻ എവിടെയാണ് ഒളിച്ചിരിക്കുന്നത്?"
           
                                              "തമ്പുരാനെ അടിയൻ ആ ധിക്കാരിയെ കാണിച്ചു തരാം " എന്നു പറഞ്ഞ്‌ മുയൽ മുന്നിൽ നടന്നു. അലറിക്കൊണ്ട് സിംഹം പിന്നാലെയും.

                                              മുയൽ ആഴമുള്ള ഒരു കിണറ്റിനരികിലെത്തി."സ്വാമി ആ ദുഷ്ടൻ ഈ കിണറ്റിലാണ് ഒളിച്ചിരിക്കുന്നത്. അങ്ങ് തൃക്കൺപാർക്കണം ." മുയൽ സവിനയം പറഞ്ഞു. ഉടനെ സിംഹം കോപത്തോടെ കിണറ്റിനുള്ളിലേക്കു നോക്കി.

തെളിഞ്ഞ വെള്ളത്തിലതാ ഒരു വൻസിംഹം തുറിച്ചു നോക്കുന്നു. ഭയങ്കരൻ ! കോപത്തോടെ സിംഹം അലറി. എതിരാളി ഉണ്ടോ വിട്ടു കൊടു
ക്കുന്നു. അവനും അതേപോലെ തന്നെ അലറി; "ധിക്കാരി , എന്നെപ്പോലെ നീയും അലറുന്നോ ? നിന്നെ ഞാൻ കൊന്നു കളയുന്നുണ്ട് " എന്ന് പറഞ്ഞു സിംഹം അട്ടഹസിച്ചു.അവനും വിട്ടുകൊടുത്തില്ല. കിണറ്റിനുള്ളിൽനിന്നും അതിനേക്കാൾ ഉഗ്രമായ അട്ടഹാസം ഉയർന്നു. വിഡ്ഢിയായ ആ സിംഹം ശത്രുവിനെ കൊല്ലുവാൻ കിണറ്റിലേക്കെടുത്തുചാടി. അവൻ വെള്ളത്തിൽ മുങ്ങിപ്പൊങ്ങി. വെള്ളം കുടിച്ചു. അവന്റെ കൈകാലുകൾ കുഴഞ്ഞു. അവസാനം അവന്റെ ശ്വാസം നിലച്ചു. വെള്ളത്തിൽ സ്വന്തം പ്രതിരൂപം കണ്ടു തിരിച്ചറിയാൻ പോലും ബുദ്ധിയില്ലാത്ത സിംഹം അങ്ങനെ ചത്തു മലച്ചു. ബലമുണ്ടായിട്ടെന്തു കാര്യം ? മുയൽ സന്തോഷത്തോടെ മടങ്ങിപ്പോവുകയും ചെയ്തു.

ഗുണപാഠം :: ബുദ്ധിയാണ് ബലം.ബുദ്ധിയില്ലെങ്കിൽ ബലവും നിഷ്പ്രഭമാണ്.

                                                 

17 comments: