ദാമുവിന്റെ അത്യാഗ്രഹം വരുത്തിയ വിന (Dhamuvinte athyagraham varuthiya vina)(The greedy Dhamu)

                                 ഒരിടത്തൊരിടത്ത് ദാമു എന്ന് പേരുള്ള സ്വാർത്ഥനും അത്യാഗ്രഹിയുമായ ഒരു മനുഷ്യനുണ്ടായിരുന്നു.  ഒരു ദിവസം അയാളുടെ മുപ്പതു സ്വർണനാണയങ്ങൾ അടങ്ങിയ സഞ്ചി നഷ്ടമായി. അയാൾ കുറെ അന്വേഷിച്ചിട്ടും സഞ്ചി കിട്ടിയില്ല. അയാൾ നിരാശനായി.
 
                                അയാൾ നിരാശനായിരിക്കുന്നത് കണ്ട അയാളുടെ സുഹൃത്ത് കാര്യം അന്വേഷിച്ചു. സ്വർണനാണയങ്ങൾ കാണാതായ വിവരം ദാമു സുഹൃത്തിനോട്  പറഞ്ഞു. അയാളുടെ സുഹൃത്ത് ഒരു സത്യസന്ധനും പരോപഹാരിയും ആയിരുന്നു. സുഹൃത്തിന്റെ പേര് രാമു എന്നായിരുന്നു. രാമു ദാമുവിനെ സഹായിക്കാനായി നാണയത്തിനു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.
 
                                 കുറെ അന്വേഷണത്തിനൊടുവിൽ രാമുവിന് ദാമുവിന്റെ നാണയങ്ങൾ അടങ്ങുന്ന സഞ്ചി കിട്ടി.

                                   രാമു സഞ്ചിയുമായി ദാമുവിന്റെ അടുക്കലെത്തി. ദാമുവിന് സന്തോഷമായി. ദാമു സഞ്ചി തുറന്ന് നാണയങ്ങൾ എണ്ണി നോക്കി. മുപ്പതു സ്വർണനാണയങ്ങൾ അതിൽ ഉണ്ടായിരുന്നു. അപ്പോൾ അത്യാഗ്രഹിയായ ദാമു രാമുവിനോട് പറഞ്ഞു. "അല്ലയോ സുഹൃത്തേ, ഇതിൽ നാല്പത് സ്വർണനാണയങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ ഇതിൽ മുപ്പതു നാണയങ്ങളെ ഉള്ളൂ. താങ്കൾ ബാക്കി നാണയങ്ങൾ എടുത്തോ ?" 

                                   "ആ സഞ്ചിയിൽ അത്രയും നാണയങ്ങളെ ഉണ്ടായിരുന്നുള്ളു. ഞാൻ അതിൽ നിന്നും ഒന്നും എടുത്തിട്ടില്ല." രാമു വിഷമത്തോടെ  പറഞ്ഞു. എന്നാൽ ദാമു  അത് സമ്മതിച്ചില്ല. അവർ തമ്മിൽ തർക്കമായി. അവസാനം തർക്കം മൂത്ത്‌ നായാധിപന്റെ അടുത്ത് പോകാമെന്നായി.

                                      അവർ രണ്ടു പേരും കൂടി ഒരു നായാധിപന്റെ അടുത്ത് ചെന്നു. എന്നിട്ട്  നടന്നതെല്ലാം ന്യായാധിപനെ അറിയിച്ചു. ന്യായാധിപൻ കുറച്ചു സമയം ആലോചനാ നിമഗ്നായി ഇരുന്നു. അതിന് ശേഷം ദാമുവിനോട് ചോദിച്ചു. "നിങ്ങളുടെ സഞ്ചിയിൽ നാൽപതു സ്വർണനാണയങ്ങൾ ഉണ്ടായിരുന്നെന്ന് നിങ്ങള്ക്ക് ഉറപ്പാണോ ?" അത്യാഗ്രഹിയായ ദാമു പറഞ്ഞു. " അതെ, ആ സഞ്ചിയിൽ നാല്പത് സ്വർണനാണയങ്ങൾ ഉണ്ടായിരുന്നു." അതുകേട്ട ന്യായാധിപൻ രാമുവിനോടു ചോദിച്ചു. "നിങ്ങൾ ഈ സഞ്ചിയിൽ നിന്ന് നാണയങ്ങൾ എടുത്തോ?" രാമു വിഷമത്തോടെ പറഞ്ഞു. "ഇല്ല. ഞാൻ അതിൽ നിന്ന് ഒന്നും എടുത്തിട്ടില്ല.എന്റെ കൈയിൽ കിട്ടിയപ്പോൾ മുപ്പതു നാണയങ്ങളെ ഉണ്ടായിരുന്നൊള്ളു."

                                        കുറച്ചു നേരത്തിന് ശേഷം ന്യായാധിപൻ ദാമുവിനോട് പറഞ്ഞു. "നിങ്ങളുടെ സഞ്ചിയിൽ നാൽപതു നാണയങ്ങൾ ഉണ്ടായിരുന്നെന്ന് അല്ലെ പറഞ്ഞത്. പക്ഷെ ഈ സഞ്ചിയിൽ മുപ്പതു നാണയങ്ങളെ ഉള്ളൂ. അതുകൊണ്ട് ഈ സഞ്ചി നിങ്ങളുടേത് ആയിരിക്കില്ല. ഈ സഞ്ചി ഞാൻ രാമുവിന് കൊടുക്കുവാണ്. നിങ്ങളുടെ സഞ്ചി ഏത്രയും പെട്ടെന്ന് കിട്ടട്ടെ എന്ന് ആശംസിക്കുന്നു."                          
                             

                                    അങ്ങനെ അത്യാഗ്രഹിയായ ദാമു നാണിച്ചു തലയും താഴ്ത്തി നിന്നു. പരോപകാരിയായ രാമുവിന് മുപ്പത് സ്വർണനാണയങ്ങൾ കിട്ടി.
ദാമു അത്യാഗ്രഹത്തിനു പോയില്ലായിരുന്നെങ്കിൽ അയാൾക്ക്‌ നഷ്ടപെട്ട സ്വർണനാണയങ്ങൾ തിരിച്ചു കിട്ടിയേനെ.


ഗുണപാഠം ::  അത്യാഗ്രഹം ആപത്ത് .... .