രക്ഷകനായ കൊള്ളക്കാരൻ (Rakshakanaya Kollakkaran) (The Savior Robber)

 ഡാനിലോ എന്നു പേരുള്ള ഒരു  കർഷകൻ ജീവിച്ചിരുന്നു. അയാൾക്ക്‌ ഭാര്യയും കുട്ടികളുമുണ്ടായിരുന്നു. വളരെ ദരിദ്രനായിരുന്ന ആ കുടുംബത്തിന് ആകെയുണ്ടായിരുന്ന സ്വത്തു അല്പം പാൽ നൽകിയിരുന്ന ഒരു പശു മാത്രമായിരുന്നു.

           ദാരിദ്ര്യം സഹിക്കാതെ ഡാനിലോ ഒരു ദിവസം പശുവിനെ വിൽക്കാൻ തീരുമാനിച്ചു. പിറ്റേന്ന് രാവിലെ പശുവിനെ ചന്തയിലേക്കു കൊണ്ടുപോയി ആയിരം പണത്തിന് വിറ്റു.

            പണം കീശയിലിട്ടുകൊണ്ടു അയാൾ വീട്ടിലേക്കു നടന്നു. വഴിയിൽ ഒരു അങ്ങാടിയിൽ അയാൾ വിശ്രമിക്കാനായി അൽപനേരം ഇരുന്നു.

            അപ്പോൾ അവിടെ ഒരു തൂക്കുമരം സ്ഥാപിച്ചിരിക്കുന്നത് ഡാനിലോ കണ്ടു. അതിനടുത്ത് ഒരു പട്ടാളക്കാരൻ നിൽക്കുന്നുണ്ട്.

             പട്ടാളക്കാരൻ ഉച്ചത്തിൽ വിളിച്ചു പറയുകയാണ് :

" എല്ലാവരും ശ്രദ്ധിക്കൂ ! കുറ്റവാളിയായ ഒരുവന് ശിക്ഷ വിധിച്ചിരിക്കുന്നു. ആയിരം പണം നൽകി നിങ്ങളാരെങ്കിലും മോചിപ്പിക്കാത്ത പക്ഷം അവനെ തൂക്കിക്കൊല്ലുന്നതായിരിക്കും.!"

                വൈകാതെ അനേകം പ്രഭുക്കന്മാർ അവിടെ എത്തിച്ചേർന്നു, ന്യായാധിപനും  പ്രത്യക്ഷപെട്ടു. താമസിയാതെ പട്ടാളക്കാർ കുറ്റവാളിയുമായി എത്തി.

               ആൾക്കൂട്ടത്തെ നോക്കി ന്യായാധിപൻ പറഞ്ഞു:
"നിങ്ങളെല്ലാവരും വിളംബരം കേട്ടുവല്ലോ. ആരെങ്കിലും മോചനദ്രവ്യം നൽകി ഇയാളെ  രക്ഷിക്കുന്നുണ്ടോ?"

                 ആരും ശബ്‌ദിച്ചില്ല .
     
         ന്യായാധിപൻ വീണ്ടും ചോദിച്ചു:
"മോചനദ്രവ്യം നൽകാൻ ആരെങ്കിലും തയ്യാറുണ്ടോ?"

           എല്ലാവരും തലകുനിച്ചു നിന്നതേയുള്ളൂ!
           
            അതോടെ ന്യായാധിപന്റെ അനുമതിയോടെ പട്ടാളക്കാർ വധശിക്ഷ നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചു.

              ഡാനിലോ കീശയിൽ കൈയിട്ടു നോക്കി. കീശയിൽ പണമുണ്ട്. ആ പണം തന്നെ പൊള്ളിക്കുന്നതായി അയാൾക്ക്‌ തോന്നി.

              പിന്നെ അയാൾക്കു പിടിച്ചു നിൽക്കാനായില്ല .

            "പണം ഞാൻ തരാം. ഇതാ, ആയിരം പണം." ഡാനിലോ പറഞ്ഞു.

            പണം സ്വീകരിച്ച് ന്യായാധിപൻ കുറ്റവാളിയെ മോചിപ്പിച്ചു.

             "എന്നോടൊപ്പം വരൂ സുഹൃത്തേ." മോചിതനായ കുറ്റവാളിയെയും കൂട്ടി ഡാനിലോ ഗ്രാമത്തിലെത്തി.

           അങ്ങാടിയിൽ നടന്ന കാര്യങ്ങളെല്ലാം ഡാനിലോ എത്തുന്നതിനു മുമ്പ് തന്നെ ഗ്രാമത്തിൽ പാട്ടായിരുന്നു.

           ഒരു മോഷ്ടാവിനെ രക്ഷപെടുത്താനായി  പശുവിനെ വിറ്റ പണം ഡാനിലോ ഉപയോഗിച്ചു എന്ന് ഗ്രാമവാസികൾ പറയാൻ തുടങ്ങി.

           ഡാനിലോ തന്റെ വീട്ടിലെത്തി. വീടിന്റെ ഗേറ്റിനടുത്ത് ഭാര്യ നിൽക്കുന്നുണ്ടായിരുന്നു. "ഒരു കൊള്ളക്കാരെനെയാണോ നിങ്ങൾ കൊണ്ടുവരുന്നത്?" ഭാര്യ ചോദിച്ചു.

             അതുവരെ നിശ്ശബ്ദനായിരുന്ന ആ കുറ്റവാളി പെട്ടെന്ന് പറഞ്ഞു:
"സഹോദരീ , വിഷമിക്കരുത്. അധികം വൈകാതെ നിങ്ങൾക്ക് വേണ്ടതെല്ലാം കിട്ടും."

              രണ്ടു ദിവസം അയാൾ ഡാനിലോയുടെ കുടുംബത്തിനൊപ്പം കഴിഞ്ഞു.
മൂന്നാം ദിവസം ആരോടും പറയാതെ യാത്രയാവുകയും ചെയ്തു.

          എന്നാൽ പിറ്റേന്ന് രണ്ടു നല്ല പശുക്കളും പത്തു ചാക്കു നിറയെ ഗോതമ്പുമായി അയാൾ മടങ്ങി വന്നു.
   
              "ഇതു നിങ്ങൾക്കുള്ളതാണ്." - അയാൾ ഡാനിലോയോട് പറഞ്ഞു.

          "ഇതെല്ലം എവിടെ നിന്നു  മോഷ്ടിച്ചതാണ്?" - ഡാനിലോയോട് ഭാര്യ ചോദിച്ചു.

            "ഞാനൊരു മോഷ്ടാവല്ല. സഹോദരീ . തട്ടിപ്പുകാരനായ ധനികരിൽനിന്ന് എടുക്കുന്നത് സാധുക്കൾക്ക് നൽകുക മാത്രമാണ് ഞാൻ ചെയ്യുന്നത്."

       അത്രയും പറഞ്ഞു അയാൾ തിരിച്ചു നടന്നു. ഡാനിലോയും ഭാര്യയും അദ്‌ഭുതത്തോടെ ആ പോക്കു നോക്കി നിന്നു. നന്മയുള്ള ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കാനായതിൽ അവർക്കു അഭിമാനം തോന്നി.

ഗുണപാഠം :: മനസ്സിൽ നന്മയുള്ളവരെ ദൈവം രക്ഷിക്കും .

1 comment: