മാന്ത്രിക കണ്ണാടി (Mantrika Kannadi) (The Magic Mirror)

                                                 ഗ്രാനഡ എന്ന രാജ്യത്തെ രാജാവ് ചെറുപ്പക്കാരനായിരുന്നു. "അങ്ങ് ഒരു വിവാഹം കഴിക്കണം" , കൊട്ടാരം ക്ഷുരകൻ ഒരിക്കൽ രാജാവിനോട് പറഞ്ഞു. കൊട്ടാരത്തിന്റെ രാത്രി കാവൽക്കാരനും അതു തന്നെ ആവശ്യപ്പെട്ടു. "പ്രഭോ , അങ്ങേക്കു വേണ്ടി നല്ലൊരു യുവതിയെ കണ്ടു പിടിക്കാൻ ഭടന്മാരോട് കല്പിച്ചാലും..."

                     രാജ്യത്തെ മുത്തശ്ശിമാരെ രാജാവിന് വലിയ ഇഷ്ടമാണ്. ഏറ്റവും പ്രായം കൂടിയ മുത്തശ്ശിയോട് രാജാവ് തിരക്കി. "എന്റെ വിവാഹക്കാര്യത്തെപ്പറ്റി മുത്തശ്ശി എന്ത് പറയുന്നു? " "നല്ല സ്വഭാവവും കാര്യപ്രാപ്തിയുമുള്ള യുവതിയെ വേണം അങ്ങ് ഭാര്യ ആക്കുവാൻ ," മുത്തശ്ശി അറിയിച്ചു . അതു ശരിയാണെന്നു രാജാവിന് മനസിലായി.

                                                 യുവതികളുടെ സ്വഭാവവും കാര്യപ്രാപ്തിയും മനസിലാക്കാൻ ഒരു വിദ്യ പ്രയോഗിക്കാം ... രാജാവ് തീരുമാനിച്ചു. അദ്ദേഹം അന്യരാജ്യത്തുനിന്നും രഹസ്യമായി ഒരു കണ്ണാടി വരുത്തി . അത് കൊട്ടാരത്തിനു മുന്നിൽ വയ്പ്പിച്ചു . എന്നിട്ടു ഭടന്മാരോടു പറഞ്ഞു. "ഇതൊരു മാന്ത്രിക കണ്ണാടിയാണ്.  എന്തെങ്കിലും ചീത്ത സ്വഭാവമുള്ള യുവതികൾ ഈ കണ്ണാടിയിൽ നോക്കിയാൽ അതിൽ നിറയെ കറുത്ത പാടുകൾ വരും....നല്ല സ്വഭാവമുള്ള യുവതി നോക്കിയാൽ കണ്ണാടിക്കു ഒന്നും സംഭവിക്കില്ല. നമ്മുടെ രാഞ്ജിയാകാൻ താല്പര്യമുള്ള ഈ രാജ്യത്തെ യുവതികൾ ഓരോരുത്തരായി വന്നു ഈ കണ്ണാടിയിൽ നോക്കാൻ നാമിതാ കല്പിക്കുന്നു ! കല്പന രാജ്യം മുഴുവൻ വിളംബരം ചെയ്യൂ."

                                                   ഭടന്മാർ രാജകല്പന നാട്ടില്ലെല്ലായിടത്തും വിളംബരം ചെയ്തു. യുവതികൾ അതു കേട്ട് ആദ്യം സന്തോഷിച്ചു. എന്നാൽ തെറ്റു ചെയ്തിട്ടുള്ളവർ നോക്കിയാൽ കണ്ണാടിയിൽ കറുപ്പു പാടുകൾ വരുമെന്നറിഞ്ഞു അവർ പേടിച്ചു. "രാഞ്ജിയാകാൻ പോയി കുഴപ്പത്തിൽ ചെന്നു  ചാടേണ്ട. അറിഞ്ഞോ അറിയാതെയോ ചെറിയ തെറ്റെങ്കിലും ചെയ്തിട്ടുണ്ടാകും."  അവരാരും കൊട്ടാരത്തിലേക്കു പോയില്ല.
                                   
                                                     യുവതികളെ കാത്തിരുന്നു രാജാവ് മടുത്തു. "നമ്മുടെ രാജ്യത്തപ്പോൾ തെറ്റു  ചെയ്യാത്ത ഒരു യുവതി പോലുമില്ലേ? " അദ്ദേഹം ഭടന്മാരോട് തിരക്കി . ഭടന്മാർ അക്കാര്യം നാട്ടുകാരോടെല്ലാം ചോദിച്ചു. അതറിഞ്ഞ യുവാക്കൾ പ്രഖ്യാപിച്ചു . "എങ്കിൽ ഞങ്ങൾക്കും ഈ നാട്ടിൽ നിന്നിനി പെണ്ണു വേണ്ട !" രാജ്യത്തെ യുവതികൾക്കെല്ലാം അതുകേട്ട്  പരിഭ്രമമായി.

                                                      ഭടന്മാർ അടുത്തുള്ള ആട്ടിടയ ഗ്രാമത്തിലും ഈ വിളംബരം നടത്തി. അവിടെയുള്ള ഒരു യുവതി ഭടന്മാരോട് പറഞ്ഞു. "കൊട്ടാരത്തിലെ കണ്ണാടിയിൽ നോക്കാൻ എനിക്കാഗ്രഹമുണ്ട്." ഭടന്മാർ അവരെ കൊട്ടരത്തിലേക്കു കൂട്ടിക്കൊണ്ടു പോയി. കൊട്ടാരത്തിലെത്തിയ ആട്ടിടയ സ്ത്രീയെ കണ്ടു എല്ലാവരും ചിരിച്ചു.

                                                       "ഇവൾ നോക്കിയാൽ കണ്ണാടിയാകെ കറുത്തു പോകും ഹി ... ഹി..." അതൊന്നും കൂട്ടാക്കാതെ യുവതി നേരെ കണ്ണാടിയുടെ മുന്നിലെത്തി. അത്ഭുതം ! കണ്ണാടിയിൽ ഒരു കറുത്ത പാടു പോലും ഉണ്ടായില്ല !

അതു കണ്ട് രാജാവ് നേരിട്ട് അങ്ങോട്ട് വന്നു. രാജാവിനെ കണ്ട് വാങ്ങിയിട്ട് സ്ത്രീ പറയാൻ തുടങ്ങി. "ചെറിയൊരു തെറ്റെങ്കിലും ചെയ്യാത്തവർ ഈ ഭൂമിയിൽ കാണില്ല, പ്രഭോ. അത്തരം തെറ്റുകൾ ഞാനും ചെയ്തിട്ടുണ്ട്. അതു കൊണ്ട് കണ്ണാടിയിൽ പാടുകൾ വന്നാലും എനിക്ക് ഭയമില്ല . അങ്ങയെ വിവാഹം കഴിക്കണമെന്നു എനിക്ക് നിർബന്ധമില്ല ." യുവതി അത്രയും പറഞ്ഞിട്ട് രാജാവിനെ നോക്കി. രാജാവ് ചിരിച്ചു കൊണ്ട് അറിയിച്ചു. "ഞാൻ ഉദ്ദേശിച്ച സ്വഭാവഗുണവും കാര്യപ്രാപ്തിയും നിനക്ക് ഉണ്ട്. ഇങ്ങനെയൊരു യുവതിയെ കണ്ടെത്താനാണ് ഈ സാധാരണ കണ്ണാടി കൊണ്ട് വച്ച് മാന്ത്രിക കണ്ണാടിയെന്ന് ഞാൻ പറഞ്ഞത്. " രാജാവിന്റെ ബുദ്ധിയിൽ എല്ലാവർക്കും മതിപ്പു തോന്നി. വൈകാതെ അദ്ദേഹത്തിന്റെ വിവാഹം ആർഭാടമായി നടന്നു.

ഗുണപാഠം :: ബുദ്ധിയുള്ളവർക്ക് ഏതു പ്രതിസന്ധിയും നേരിടാൻ കഴിയും.
    

മഹത്തായ കീഴടങ്ങൽ (Mahathaya Keezhadangal) (Great Surrender)

                                          കോസല രാജ്യത്തെ രാജാവായിരുന്നു നന്ദൻ. പ്രജാക്ഷേമ തത്പരനായിരുന്നു അദ്ദേഹം.

ഒരിക്കൽ കാശിയിലെ രാജാവ് യുധാജിത് കോസലം ആക്രമിച്ചു. നന്ദൻ ശക്തിയായി ചെറുത്തു നിന്നു. ഘോരമായ യുദ്ധം നടന്നു. പക്ഷെ , എന്തു ഫലം. നന്ദന്റെ സൈന്യത്തിന് കനത്ത നാശമുണ്ടായി. കുതിരപ്പട ചിന്നിച്ചിതറി. ആനകൾ വിരണ്ടോടി. നന്ദന്റെ സൈനികരിൽ പലരും മരിച്ചു വീണു. ശേഷിച്ച സൈനികർ ജീവനും കൊണ്ടോടി. നിവൃത്തിയില്ലാതെ നന്ദൻ യുദ്ധത്തിൽ നിന്നു പിൻവാങ്ങി. കാട്ടിലേക്കു രക്ഷപെട്ടു.
                         അങ്ങനെ കോസലം യുധാജിത്തിന്റെ അധീനതയിലായി . വിജയശ്രീലാളിതനായ കാശിരാജാവ് എങ്ങനെയും  നന്ദനെ പിടികൂടണമെന്നു തീരുമാനിച്ചു.

                           "കോസലാധിപനായ നന്ദനെ പിടിച്ചു നമ്മുടെ മുന്നിൽ ഹാജരാക്കുന്നവർക്ക് ആയിരം സ്വർണനാണയം പാരിതോഷികം നൽകുന്നതായിരിക്കും ."  യുധാജിത് വിളംബരം പുറപ്പെടുവിച്ചു.

                              നാളുകൾ കടന്നു പോയി. നന്ദനെ പിടികൂടാൻ ആർക്കും സാധിച്ചില്ല. അങ്ങനെയിരിക്കെ നന്ദൻ ഒളിച്ചു താമസിക്കുന്ന വനത്തിനോട് ചേർന്നുള്ള ഗ്രാമത്തിലെ നദിയിൽ വെള്ളപ്പൊക്കമുണ്ടായി. നദി കരകവിഞ്ഞൊഴുകി. ഗ്രാമീണരുടെ വീടുകളും കൃഷിസ്ഥലങ്ങളും നശിച്ചു. ജനങ്ങൾ വളരെയേറെ ബുദ്ധിമുട്ടി. നല്ലവനായ നന്ദന് വെറുതെയിരിക്കാനായില്ല.
   
                              "ഈ  സാധുക്കളെ എങ്ങനെയും സഹായിക്കണം." നന്ദൻ തീരുമാനിച്ചു. പക്ഷെ , അധികാരം നഷ്ടപ്പെട്ട് അലഞ്ഞു നടക്കുന്ന നന്ദൻ അവരെ എങ്ങനെയാണ് സഹായിക്കുക ? അദ്ദേഹം തലപുകഞ്ഞാലോചിച്ചു . ഒടുവിൽ നന്ദൻ ഒരു തീരുമാനത്തിൽ എത്തി. വൈകാതെ ഏതാനും ഗ്രാമീണരെയും കൂട്ടി അദ്ദേഹം കാശിയിലേക്കു പുറപ്പെട്ടു . 
      
                                  യുധാജിത്തിന്റെ  മുന്നിൽ ചെന്നുനിന്ന് അദ്ദേഹം പറഞ്ഞു . "എന്നെ പിടിച്ചു ഹാജരാക്കുന്നവർക്കു ആയിരം സ്വർണനാണയം നൽകുമെന്നു വിളംബരം ചെയ്തിരുന്നല്ലോ . അത് ഈ ഗ്രാമീണർക്ക് നൽകുക." നന്ദന്റെ വാക്കുകൾ കേട്ട് യുദാജിത് അത്ഭുതപ്പെട്ടു . വിവരങ്ങളെല്ലാം അറിഞ്ഞു കാശിരാജന്റെ കണ്ണു നിറഞ്ഞു. 


                                    കഷ്ടതയനുഭവിക്കുന്ന ജനങ്ങൾക്കുവേണ്ടി നന്ദൻ തന്റെ ശത്രുവിനു മുൻപിൽ കീഴടങ്ങാൻ പോലും തയ്യാറായിരിക്കുന്നു ! യുധാജിത് എഴുന്നേറ്റ് ആദരപൂർവം നന്ദനെ പ്രണമിച്ചു. എന്നിട്ടു പറഞ്ഞു : "നന്ദാ , താങ്കളാണ് രാജ്യം ഭരിക്കാൻ തികച്ചും യോഗ്യൻ. അങ്ങയുടെ ഹൃദയവിശാലത മറ്റു രാജാക്കന്മാർക്ക് ഒരു പാഠമാണ്."  യുദ്ധം ചെയ്തു കോസലവാസികളെ ദ്രോഹിച്ചതിനു യുധാജിത് ക്ഷമ ചോദിച്ചു. നന്ദന് രാജ്യം വിട്ടു കൊടുത്തു. ജനങ്ങൾക്കു സന്തോഷകരമാം വിധം നന്ദൻ വളരെക്കാലം രാജ്യം ഭരിച്ചു. 

ഗുണപാഠം :: ത്യാഗം ചെയ്താൽ ഉയർച്ച ഉണ്ടാവും.