ബുദ്ധിശാലിയായ നരി (Budhishaliyaya Nari) (The Clever Jackal)

                                                 പണ്ട്  ഒരു കാട്ടിൽ ബുദ്ധിശാലിയായ നരിയുണ്ടായിരുന്നു. ഒരു ദിവസം അലഞ്ഞു തിരിഞ്ഞു കൊണ്ടിരുന്നപ്പോൾ നരി ഒരാനയുടെ ശരീരം കണ്ടു. ആനമാംസം തിന്നാനുള്ള ആർത്തിയോടെ നരി ആനയുടെ ഉടലിനരികിൽ ചെന്ന് പല്ലുകൾ കൊണ്ട് കടിച്ചു തിന്നാൻ
ശ്രമിച്ചു. എന്നാൽ ആനയുടെ തോൾ വളരെ കട്ടിയുള്ളതായിരുന്നു. നരി തന്റെ പല്ലുകളാൽ ആവുന്നത്ര കടിച്ചിട്ടും മാംസം കിട്ടിയില്ല. വിഷമിച്ചു പോയ നരി ആനയുടെ അടുത്തിരുന്ന് എന്ത് ചെയ്യാം എന്നാലോചിച്ചു.
   
                                                    ഒരു സിംഹം ആ വഴി വരുന്നത് നരി കണ്ടു.ആ
സിംഹത്തിന്റെ അടുക്കൽ നരി വളരെ ഭവ്യതയോടെ പറഞ്ഞു. "രാജാവേ ,  ഞാൻ നിങ്ങൾക്കുവേണ്ടിയാണ് ചത്തു പോയ ആനയുടെ ഉടലിനു കാവലിരിക്കുന്നത്. ദയവായി അങ്ങിതു ഭക്ഷിച്ചാലും." സിംഹം ഗർജിച്ചു . "ഞാൻ മറ്റു മൃഗങ്ങളാൽ കൊല്ലപ്പെട്ട ഇരയെ ഭക്ഷിക്കാറില്ല. നിനക്കീ കാര്യം അറിയാമെന്നു കരുതുന്നു. വഴി മാറി നില്ക്കൂ..." ഇങ്ങനെ പറഞ്ഞു സിംഹം പോയി.

                                                    സിംഹം ചത്തു പോയ ആനയുടെ ഉടൽ തിന്നാതെ പോയതിൽ നരിക്കു സന്തോഷമായി. എങ്കിലും ആനയുടെ തോല്  പിളർന്ന്  മാംസം എങ്ങനെ ഭക്ഷിക്കും എന്നു ചിന്തിച്ചു. അങ്ങനെയിരിക്കെ കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു പുലി ഗർജിച്ചു കൊണ്ട് വന്നു. ഇത് അപായം എന്ന് കരുതിയ നരി ഈ പുലി തീർച്ചയായും ആനയുടെ മാംസം തിന്നാൻ തയ്യാറായിരിക്കുമെന്നു കരുതി പുലി അടുത്തു വന്നപ്പോൾ നരി വേഗം 

പറഞ്ഞു. "സിംഹരാജാവിന്റെ വേട്ടമൃഗത്തിനാണ് ഞാൻ കാവൽ നിൽക്കുന്നത്. അവൻ കുളിക്കാൻ പോയിരിക്കുകയാണ്. അവൻ പോകുന്നതിനു മുൻപ് പറഞ്ഞു. ഏതെങ്കിലും പുലി ഇവിടെ വന്നാൽ എന്റെ അടുത്തു  പറയൂ . ഈ കാട്ടിലുള്ള പുലികളെയെല്ലാം കൊല്ലാൻ ഞാൻ ശപഥം ചെയ്തിട്ടുണ്ടെന്ന് . അതുകൊണ്ട് നീ വേഗം പോയ്‌ക്കോ." ഇതു കേട്ട പുലി പേടിച്ചോടിപ്പോയി.

                                                        കുറച്ചു നേരത്തിനു ശേഷം ഒരു പുള്ളിപ്പുലി അതു വഴി വന്നു. ബുദ്ധിശാലിയായ നരിക്കറിയാമായിരുന്നു പുള്ളിപ്പുലിയുടെ കൂർമയുള്ള പല്ലുകൾ തന്റെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുമെന്ന്.
അതുകൊണ്ട് നരി പുള്ളിപ്പുലിയെ ഒരു ചെറുപുഞ്ചിരിയോടെ വരവേറ്റു. "ആ  വരൂ സ്നേഹിതാ, വരൂ, കുറേക്കാലമായല്ലോ കണ്ടിട്ട്. നീ എന്താ വിശപ്പുകൊണ്ട് വാടിപ്പോയല്ലോ. ഈ ചത്തുപോയ ആനയുടെ ശരീരത്തിൽ നിന്ന് കുറച്ചു മാംസം നീ തിന്ന്. സിംഹത്തിനായി ഞാനിതിന് കവലിരിക്കുകയാണ്. സിംഹം കുളിക്കാൻ പോയതാണ്. പേടിക്കേണ്ട ,  ആ ..."

                                                         "അയ്യയ്യോ ! ഞാനെങ്ങനെ സിംഹത്തിന്റെ ഇരയെ തിന്നുക. സിംഹം കാണുകയാണെങ്കിൽ എന്നെ കൊല്ലില്ലേ? " "അതു വിചാരിച്ചു നീ വിഷമിക്കേണ്ട ഞാൻ ജാഗ്രതയായി കാത്തിരുന്നോളാം.
സിംഹം വരുമ്പോൾ ശബ്ദമുണ്ടാക്കാം .അപ്പോൾ നീ ഓടി പൊക്കോ." വിശപ്പു കൊണ്ട് വാടിയ പുള്ളിപ്പുലി അതു സമ്മതിച്ചു. നാരിയുടെ ഈ സന്ദർഭത്തിനു നന്ദി പറഞ്ഞു. പുള്ളിപ്പുലി ആനയുടെ ചർമ്മം കടിച്ചുകീറാൻ തുടങ്ങി.നരിയും അതു ശ്രദ്ധിച്ചു നോക്കിക്കൊണ്ടിരുന്നു. നരി ശബ്ദമുണ്ടാക്കി. "ആ .. സിംഹം വരുന്നുണ്ട്. ഓടിക്കോ! " അടുത്ത നിമിഷത്തിൽ പുള്ളിപ്പുലി അവിടുന്ന് ഒറ്റ ഓട്ടം. നരിക്കു സന്തോഷമായി. ചിരിച്ചുകൊണ്ട് നല്ല രുചിയുള്ള ഭക്ഷണം ഒറ്റയ്ക്ക് തിന്നു.


ഗുണപാഠം :: ബുദ്ധിയും അറിവുമാണ് ആയുധം.

ബുദ്ധിമാനായ കുതിര (Budhimanaya Kuthira)(The Clever Horse)

                                              അമരാപുരിയുടെ അതിർത്തിയിൽ കൊള്ളക്കാരുടെ ശല്യമുണ്ടായിരുന്നു. വഴിയിൽ കുഴികൾ കുഴിച്ച് അതിനു മുകളിൽ മണ്ണും ഇലകളും ഇട്ടു മൂടി ചതിക്കുന്നതാണ് കൊള്ളക്കാരുടെ രീതി. കുഴിയിൽ വീഴുന്നവരെ കൊള്ളയടിക്കും.

                                               പ്രശ്നം അതിരൂക്ഷമായപ്പോൾ മിടുക്കരായ മൂന്നു പടയാളികളെ സൈന്യാധിപൻ വിളിച്ചു വരുത്തി. കേശു, രാമു, പപ്പൻ എന്നായിരുന്നു അവരുടെ പേരുകൾ.

                                                "കൊള്ളക്കാരുടെ താവളം എങ്ങനെയും കണ്ടെത്തണം. കൊട്ടാരത്തിലെ ഏറ്റവും നല്ല കുതിരകളെ കൂടെ കൊണ്ടുപോയിക്കോളൂ." സൈന്യാധിപൻ അറിയിച്ചു.

                                                  ഇതു കേട്ടതും കൊട്ടാരത്തിലെ ഏറ്റവും മിടുക്കനായ കുതിരയെ തന്നെ കേശു തിരഞ്ഞെടുത്തു. പിന്നാലെ രാമുവും നല്ലൊരു കുതിരയുടെ പുറത്തു ചാടിക്കയറി.

                                                   "എനിക്ക്  പതിവായി എന്റെ കൂടെയുള്ള ഈ കുതിര തന്നെ മതി..." പപ്പൻ പറഞ്ഞു.

                                                    "ഹ... ഹ... ഈ  കുതിരയോ ? ഇതൊരു മുടന്തനല്ലേ? പോരാത്തതിന് പ്രായവുമായി...." സൈന്യാധിപൻ പറഞ്ഞു.
                                            
                                                     "സാരമില്ല, ഇക്കാര്യത്തിന് അവൻ മതി. " പപ്പൻ മുടന്തൻ കുതിരയുടെ പുറത്തുകയറി യാത്രയായി.

                                                      ദിവസങ്ങൾ കഴിഞ്ഞു.ദേഹമാകെ പരിക്കുകളുമായി കേശു തിരിച്ചെത്തി. "ക്ഷമിക്കണം പ്രഭോ, കൊള്ളക്കാരുടെ വാരിക്കുഴിയിൽ വീണുപോയി. ഒളിത്താവളം കണ്ടെത്താനായില്ല." കേശു പറഞ്ഞു. 

                                                        പിന്നാലെ രാമുവുമെത്തി. "ഞാനും കുതിരയും അവരുടെ ചതിക്കുഴിയിൽ വീണു! "

                                                         പിറ്റേന്നാണ്‌  പപ്പൻ എത്തിയത്.
"പ്രഭോ,കൊള്ളക്കാരുടെ താവളം കണ്ടെത്തി."  ഇതു കേട്ടതും സൈന്യാധിപൻ വലിയൊരു പടയെ പപ്പനോടൊപ്പം അയച്ചു. അവർ കൊള്ളക്കാരെ മുഴുവൻ പിടിച്ചു.

                                                           "ആ മുടന്തൻ കുതിരയുടെ പുറത്തു പോയിട്ടും എങ്ങനെയാണു ലക്ഷ്യത്തിലെത്തിയത്?" സൈന്യാധിപൻ പപ്പനോട് ചോദിച്ചു.
                                                             "പ്രഭോ, ആ കുതിരയുടെ മുടന്ത് എങ്ങനെ വന്നതാണെന്നറിയാമോ?  മുമ്പ് ഇതുപോലെയൊരു വാരിക്കുഴിയിൽ വീണതാണ്. അതിൽപിന്നെ ആ കുതിര വളരെ സൂക്ഷിച്ചാണ് നടക്കുക.മണ്ണിട്ട് മൂടിയ ചതിക്കുഴികൾ ആ കുതിരക്കു വേഗം തിരിച്ചറിയാം.അത്തരം കുഴികളിൽ വീഴാതെ എന്നെ കൊള്ളക്കാരുടെ താവളത്തിൽ എത്തിച്ചത് ആ കുതിരയാണ്." പപ്പൻ  പറഞ്ഞു.

                                                          "ശരിയാണ്."അനുഭവത്തേക്കാൾ വലിയ അറിവില്ല." സൈന്യാധിപൻ പറഞ്ഞു. ഭടന്മാർ 

ഗുണപാഠം :: അനുഭവത്തേക്കാൾ വലിയ അറിവില്ല .

പീറ്ററും ചെന്നായയും (Peeterum Chennayayum) (Peter and the Wolf)

                                                        ഒരിക്കൽ ഒരിടത്ത് പീറ്റർ എന്നു പേരുള്ള
ഒരു ആൺകുട്ടിയുണ്ടായിരുന്നു . അവൻ അവന്റെ മുത്തശ്ശനൊപ്പം ഒരു പച്ച പുൽത്തകിടിയുടെ അടുത്തായിരുന്നു താമസം. അടുത്തുള്ള കാട്ടിൽ എല്ലാ തരത്തിലുമുള്ള അപകടങ്ങളും ഉണ്ടായിരുന്നു.

                              ഒരു ദിവസം മുത്തശ്ശൻ പീറ്ററിനു മുന്നറിയിപ്പ് നൽകി : "പീറ്റർ, നീ ഒരിക്കലും തന്നെ  ആ പുൽത്തകിടിയിൽ പോകരുത്. പട്ടിണി കിടക്കുന്ന  ചെന്നായ  കാട്ടിൽ നിന്നു പുറത്തു വരം. അതു നിന്നെ ഭക്ഷിക്കുകയും ചെയ്യും."
           
                                                             പീറ്ററിന്‌ ഭയമില്ലായിരുന്നു.ഒരു ദിവസം പ്രഭാതഭക്ഷണം കഴിഞ്ഞു പീറ്റർ തോട്ടത്തിന്റെ ഗേറ്റ് തുറന്നു പുൽത്തകിടിയിലെത്തി . ഒരു കുഞ്ഞിപക്ഷി ഒരു മരത്തിനു മുകളിൽ ഇരിപ്പുണ്ടായിരുന്നു.
                "ഹലോ പീറ്റർ , നീ തനിച്ചിവിടെ എന്ത് ചെയ്യുകയാണ്?" ആ കുഞ്ഞിപക്ഷി ചിലച്ചുകൊണ്ട് പീറ്ററിനോട് ചോദിച്ചു.
പീറ്റർ പറഞ്ഞു: "എത്ര സുന്ദരമായ പ്രഭാതം! ഞാൻ ഒന്നു നടക്കാൻ പോവുകയാണ്."

                        അപ്പോൾ തന്നെ ഒരു താറാവ് അവിടേക്കു നടന്നു വന്നു. അടുത്തുള്ള കുളത്തിൽ നീന്തിത്തുടിക്കാമെന്നു വിചാരിച്ച് അവളും തുറന്ന ഗേറ്റിൽ കൂടി
പീറ്ററിനെ അനുഗമിച്ചു. താറാവിനെ കണ്ട ഉടനെ കുഞ്ഞിപക്ഷി പുല്ലിലേക്കു പറന്നു വന്നു.
                            കുഞ്ഞിപക്ഷി താറാവിനോട് അഹങ്കാരത്തോടെ ചോദിച്ചു : "നീ എന്താ ഇങ്ങനെ പിച്ചവച്ചു നടക്കുന്നത്. എന്നെപ്പോലെ പറക്കാൻ പാടില്ലേ? "
"അതിന് ആർക്കു പറക്കണം. എനിക്ക് നീന്താൻ സാധിക്കുമല്ലോ!", താറാവ് പറഞ്ഞു. എന്നിട്ടു അവളുടെ ചിറകുകൾ ഇളക്കികൊണ്ട് കുളത്തിലേക്ക് ചാടി .
എന്നിട്ടവൾ ചെറിയ പക്ഷിയോട് പറഞ്ഞു. "ഇങ്ങോട്ടു വരൂ , മനോഹരമായ വെള്ളം!"
                               കുഞ്ഞിപക്ഷി ചിലച്ചുകൊണ്ട് പറഞ്ഞു : "നീ തമാശ പറയുകയാണോ ? എനിക്ക് നീന്താൻ കഴിയില്ല." അപ്പോൾ താറാവ് കളിയാക്കി ചിരിച്ചു കൊണ്ട് ചോദിച്ചു : "എന്നു വച്ചാൽ നിനക്ക് നീന്താനുള്ള കഴിവില്ല എന്നാണോ?" കുഞ്ഞിപ്പക്ഷി വേദന തോന്നി , രോഷാകുലനായി താഴേയ്ക്കു വന്നു. താറാവ് ചുറ്റും നീന്തി നീന്തി നടന്നു.

                                  പീറ്റർ നീണ്ട പുല്ലിൽ നിന്നു കൊണ്ട് രണ്ടു പക്ഷികളുടെയും വാദങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് നീണ്ട പുല്ലുകൾ അനങ്ങുന്നത് പീറ്റർ കണ്ടു. ഒരു വലിയ വരയുള്ള പൂച്ച കുഞ്ഞിപക്ഷിയുടെ നേരെ പതുങ്ങി പതുങ്ങി വരുന്നു.
                                   പൂച്ച സ്വയം പറഞ്ഞു : "ആ പക്ഷി വാദിക്കുന്ന  തിരക്കിലാണ്, അവൻ ഒരിക്കലും എന്നെ കാണുകയില്ല." എന്നിട്ട് അവൻ അവന്റെ പതുപതുത്ത പാദങ്ങൾ കൊണ്ട് പക്ഷിയുടെ നേരെ നിരങ്ങി നീങ്ങി .
                                     "ശ്രദ്ധിക്കൂ!" പീറ്റർ മുന്നറിയിപ്പ് നൽകി . പെട്ടെന്ന് പക്ഷി മരത്തിനു മുകളിലേക്ക് പറന്നു പോയി. കുളത്തിന്റെ നടുവിൽ നിന്ന് താറാവ് ദേഷ്യത്തോടെ ശബ്ദമുണ്ടാക്കി. പൂച്ച നിരാശയോടെ പുറകിലോട്ടു പോയി.
അവൻ പുല്ലിൽ ഇരുന്നു . എന്നിട്ടു മുഖമുരസി. "ഞാൻ ശ്രദ്ധിച്ചിരുന്നെങ്കിൽ ," അവൻ ചിന്തിച്ചു. "അടുത്ത പ്രാവശ്യം എനിക്ക് ആ പക്ഷിയെ കിട്ടും."
                                       
                                        അപ്പോഴേക്കും മുത്തശ്ശൻ വീടിനു വെളിയിലേക്കു വന്നു. പീറ്റർ പുൽത്തകിടിയിൽ നിൽക്കുന്നതു കണ്ട് അദ്ദേഹത്തിന് കോപം വന്നു.
"ഏതെങ്കിലും ചെന്നായ കാടിനു വെളിയിൽ വന്നായിരുന്നെങ്കിൽ നീ എന്തു ചെയ്യുമായിരുന്നു?" മുത്തശ്ശൻ ചോദിച്ചു.
                                          പീറ്റർ മറുപടി ഒന്നും പറഞ്ഞില്ല. മുത്തശ്ശനെ ധിക്കരിച്ചതിൽ അവനു വിഷമമായി. പക്ഷെ , അതിൽ എന്ത് കുഴപ്പമാണെന്നു അവനു മനസിലായില്ല. മുത്തശ്ശൻ പീറ്ററിന്റെ പുറകെ നടന്നു. എന്നിട്ടു ഗേറ്റ് പൂട്ടിയിട്ടു.
                                          പീറ്റർ പുൽത്തകിടിയിൽ നിന്നും പോന്ന ഉടനെ തന്നെ വിശന്നു വലഞ്ഞ ഒരു ചെന്നായ കാട്ടിൽ നിന്ന് വന്നു .
                                          മിന്നൽവേഗത്തിൽ , പക്ഷി മരത്തിന്റെ ഏറ്റവും മുകളിലേക്ക് പറന്നു പോയി.
                                          പൂച്ച മരത്തിൽ അള്ളിപ്പിടിച്ചു കയറി.
 താറാവ് പേടിച്ചു വിറച്ച് കുളത്തിനു വെളിയിലേക്കു ചാടി. ചെന്നായ താറാവിനെ കണ്ടതും അവളുടെ പുറകെ ഓടി. അവൾ അവളെക്കൊണ്ട് സാധിക്കുന്ന വേഗത്തിൽ ഓടി , പക്ഷെ ചെന്നായ അതിവേഗത്തിൽ ഓടി,
അവളെ പെട്ടെന്നു പിടിച്ചു. ഒറ്റ വിഴുങ്ങലിന് അവളെ അകത്താക്കി.
                                               പൂച്ചയും കുഞ്ഞിപ്പക്ഷിയും മരത്തിന്റെ ഏറ്റവും മുകളിലത്തെ ചില്ലയിൽ ഒരുമിച്ചിരുന്നു.ചെന്നായ മരത്തിനു ചുറ്റും ആർത്തിയോടെ അവരെ നോക്കി നടന്നു.
                                               ഗേറ്റിനു പുറകിൽ നിന്ന് ഇത് കണ്ടുകൊണ്ടിരുന്ന പീറ്ററിന്‌ ഒരു നല്ല ബുദ്ധി തോന്നി. പൂച്ചയെയും പക്ഷിയെയും എങ്ങനെ  രക്ഷിക്കാമെന്നു അവനു മനസിലായി. ആദ്യം തന്നെ പീറ്റർ ഒരു നീളമുള്ള കയർ കണ്ടു പിടിച്ചു. പിന്നെ അവൻ തോട്ടത്തിന്റെ മതിലിൽ കയറി. അവൻ സുരക്ഷിതമായി മുകളിൽ ഇരുന്നതിനു ശേഷം കയറിൽ ഒരു കുരുക്കിട്ടു. പീറ്റർ പക്ഷിയെ വിളിച്ചു പറഞ്ഞു : "താഴേക്കു പറന്നു വന്ന്‌ ചെന്നായയുടെ തലയ്ക്കു ചുറ്റും പറക്കൂ. പക്ഷെ നീ  ഒരിക്കലും പിടി കൊടു ക്കരുത്!" അതുകേട്ട് കുഞ്ഞിപ്പക്ഷി അവളുടെ ചിറകുകൾ തൊട്ടു തൊട്ടില്ല എന്നുള്ള രീതിയിൽ  ചെന്നായയ്‌ക്കു ചുറ്റും പറന്നു. മടുപ്പു തോന്നിയെങ്കിലും ചെന്നായ കോപത്തോടെ പക്ഷിയെ  പിടിക്കാൻ നോക്കി.
                                              പീറ്റർ പെട്ടെന്ന് തന്നെ കയറിൽ കുരുക്കുണ്ടാക്കികഴിഞ്ഞു.  അവൻ ശ്രദ്ധിച്ച് കയർ താഴോട്ടിറക്കി.ചെന്നായയുടെ വാലിൽ പിടിച്ചു. എന്നിട്ടു സർവ്വശക്തിയുമെടുത്ത് കയർ ആഞ്ഞു വലിച്ചു. ചെന്നായ അതിൽ നിന്നും രക്ഷപെടാനായി ശക്തിയോടെ ചാടി. പക്ഷെ ബുദ്ധിമാനായ പീറ്റർ കയറിന്റെ മറ്റേ അറ്റം മരത്തിൽ കെട്ടി. ചെന്നായ ചാടുന്നതിനനുസരിച്ചു കയർ മുറുകിക്കൊണ്ടിരുന്നു. ചെന്നായയ്‌ക്കു രക്ഷപെടാൻ സാധിച്ചില്ല.
                                                   അപ്പോൾത്തന്നെ കുറെ വേട്ടക്കാർ ചെന്നായയുടെ കൽപ്പാടുകൾ പിന്തുടർന്ന് കാട്ടിൽ നിന്ന് വരുന്നുണ്ടായിരുന്നു.അവർ അവരുടെ തോക്കുകൾ ഉയർത്തി വെടി വയ്ക്കാൻ തുടങ്ങി . "വെടി വയ്ക്കരുത്!" പീറ്റർ ആക്രോശിച്ചു. "പക്ഷിയും ഞാനും കൂടിയാണ് ചെന്നായയെ പിടിച്ചത്.അവനെ ഞങ്ങൾ മൃഗശാലയിൽ കൊടുത്തോളാം."
                                                 വേട്ടക്കാർ മതിലിൽ ഇരിക്കുന്ന പീറ്ററിനെയും അവന്റെ കയറിന്റെ അറ്റത്തു കിടക്കുന്ന ചെന്നായെയും നോക്കി. അവർ ആശ്ചര്യപ്പെട്ടു പോയി.
                                                  ആ വൈകുന്നേരം പീറ്റർ മൃഗശാലയിലേക്കു ഒരു വിജയ ഘോഷയാത്ര നടത്തി.  പീറ്ററിന്‌ പിന്നാലെ വേട്ടക്കാർ ചെന്നായെയും

പിടിച്ചു കൊണ്ട് വന്നു. മുത്തശ്ശൻ അതിനു പിന്നിൽ പൂച്ചയോടോപ്പവും കുഞ്ഞിപ്പക്ഷി പറന്നും അനുഗമിച്ചു.
                                                   ചെന്നായയുടെ ഉള്ളിലിരുന്ന കരയുന്ന താറാവിനോടെന്നപോലെ പീറ്റർ പറഞ്ഞു :"വിഷമിക്കേണ്ട , മൃഗശാല സൂക്ഷിപ്പുകാർ നിന്നെ പുറത്തെടുക്കുമെന്ന് എനിക്കുറപ്പുണ്ട്."
                                                    അവർ അത് ചെയ്യുകയും ചെയ്തു.
ഗുണപാഠം :: ബുദ്ധിപരമായി പ്രവർത്തിച്ചാൽ ഏതു ആപത്തിൽ നിന്നും രക്ഷപെടാം .

ബുദ്ധിമാനായ മുയലും അഹങ്കാരിയായ സിംഹവും(Budhimanaya Muyalum Ahankariyaya Simhavum) (The Clever Rabbit and The Pride Lion)

                                                 പണ്ട് ഒരു കാട്ടിൽ ഒരു സിംഹരാജാവുണ്ടായിരുന്നു. അവൻ വലിയ അഹങ്കാരിയായിരുന്നു . കാട്ടിലെ മൃഗങ്ങൾക്കെല്ലാം അവനെ വലിയ പേടിയായിരുന്നു .  അങ്ങനെയിരിക്കെ അവൻ കാട്ടിലെ മൃഗങ്ങളെയെല്ലാം കൊന്നു തിന്നുവാൻ തുടങ്ങി. പിന്നെ മൃഗങ്ങളുടെ കഷ്ടകാലം തുടങ്ങി .

                                                 ഒരിക്കൽ അവർ ഒന്നിച്ചുചേർന്നു ഒരു ദിവസം സിംഹത്തിന്റെ മുന്നിലെത്തി വിനയത്തോടെ പറഞ്ഞു."സ്വാമീ , അങ്ങയുടെ കൃപ ഉണ്ടെങ്കിലേ അടിയങ്ങൾക്ക് ഈ കാട്ടിൽ ജീവിക്കുവാൻ കഴിയൂ. ശക്തരായവർ ഇങ്ങനെ ദുരാചാരം പ്രവർത്തിക്കുന്നതു വളരെ കഷ്ടമാണ്. രക്ഷിക്കേണ്ട പ്രജകളെയെല്ലാം അങ്ങു തന്നെ കൊന്നു ഭക്ഷിക്കുന്നത് ഒട്ടും ശരിയല്ല. ഞങ്ങളെല്ലാവരും ചേർന്ന് ഓരോ ദിവസവും ഓരോ മൃഗത്തെ അങ്ങേയ്ക്ക് ഭക്ഷണമായി തന്നു കൊള്ളാം . അതു സ്വീകരിച്ചു അങ്ങ് തൃപ്തനായി കഴിയണം. പണ്ട് ഗരുഡനും പാമ്പുകളെ ഈ വ്യവസ്ഥയിൽ രക്ഷിച്ചിരുന്നുവല്ലോ." സിംഹത്തിനു മൃഗങ്ങളുടെ അഭിപ്രായം ഇഷ്ടപ്പെട്ടു.അന്നുമുതൽ ഓരോ ബലിമൃഗം സിംഹത്തിനു ദിവസവും ഇരയായിക്കൊണ്ടിരുന്നു.

                                                മാസം ഒന്ന് കഴിഞ്ഞു. വൃദ്ധനായ ഒരു മുയലാണ് സിംഹത്തിന്റെ അന്നത്തെ ഇര. അത് തന്റെ ദുർവിധിയിൽ വല്ലാതെ ദുഖിച്ചു.
എങ്ങനെ ഞാനിതിൽ നിന്ന് രക്ഷപെടും എന്നായി അതിന്റെ ചിന്ത.ബുദ്ധിമാന്മാർ വിചാരിച്ചാൽ നടക്കാത്ത കാര്യമില്ലല്ലോ.ഇങ്ങനെ ഓരോന്നു ചിന്തിച്ചു മുയൽ പതുക്കെ നടന്നു.സിംഹത്തിന്റെ മുൻപിൽ വളരെ വൈകിയാണ് അവൻ എത്തിയത്.സിംഹമാണെങ്കിൽ വിശന്നു വലഞ്ഞിരിക്കുകയാണ്. കൃത്യസമയത്തു ഭക്ഷണമായി മൃഗം വന്നു കാണായ്കയാൽ സിംഹം കോപം കൊണ്ടു വിറച്ചു.മുയൽ വളരെ പേടിച്ചുകൊണ്ടാണ് അടുത്തുചെന്നത്. "ഇത്രയും വൈകിയതെന്ത് ? എത്ര നേരമായി ഞാൻ വിശന്നിരിക്കുന്നു ."
സിംഹം മുയലിനെ ശകാരിച്ചു. മുയൽ വിനയപൂർവം തൊഴുതുകൊണ്ട് സിംഹത്തോട് പറഞ്ഞു:

                                              "തമ്പുരാനെ അടിയൻ അങ്ങയുടെ മുന്നിലേക്ക് ധൃതിയിൽ വരികയായിരുന്നു. വഴിയിൽ മറ്റൊരു സിംഹം വന്നു എന്നെ പിടിച്ചുതിന്നുവാൻ ഒരുങ്ങി.ആ തടിയനെ പേടിച്ചു ഞാൻ കട്ടിൽ ഒരു വളഞ്ഞവഴിയിലൂടെ പോന്നതാണ്. അതാണ് ഇത്രയും താമസിച്ചത്. വൈകിയത് അടിയന്റെ കുറ്റമല്ല. സ്വാമി എന്നോട് ക്ഷമിക്കണം."

                                               "നമ്മുടെ കാട്ടിൽ മറ്റൊരു സിംഹമോ ? അവനെ കൊല്ലാതെ ഞാനിനി ഭക്ഷണം കഴിക്കില്ല.ആ ഭോഷൻ എവിടെയാണ് ഒളിച്ചിരിക്കുന്നത്?"
           
                                              "തമ്പുരാനെ അടിയൻ ആ ധിക്കാരിയെ കാണിച്ചു തരാം " എന്നു പറഞ്ഞ്‌ മുയൽ മുന്നിൽ നടന്നു. അലറിക്കൊണ്ട് സിംഹം പിന്നാലെയും.

                                              മുയൽ ആഴമുള്ള ഒരു കിണറ്റിനരികിലെത്തി."സ്വാമി ആ ദുഷ്ടൻ ഈ കിണറ്റിലാണ് ഒളിച്ചിരിക്കുന്നത്. അങ്ങ് തൃക്കൺപാർക്കണം ." മുയൽ സവിനയം പറഞ്ഞു. ഉടനെ സിംഹം കോപത്തോടെ കിണറ്റിനുള്ളിലേക്കു നോക്കി.

തെളിഞ്ഞ വെള്ളത്തിലതാ ഒരു വൻസിംഹം തുറിച്ചു നോക്കുന്നു. ഭയങ്കരൻ ! കോപത്തോടെ സിംഹം അലറി. എതിരാളി ഉണ്ടോ വിട്ടു കൊടു
ക്കുന്നു. അവനും അതേപോലെ തന്നെ അലറി; "ധിക്കാരി , എന്നെപ്പോലെ നീയും അലറുന്നോ ? നിന്നെ ഞാൻ കൊന്നു കളയുന്നുണ്ട് " എന്ന് പറഞ്ഞു സിംഹം അട്ടഹസിച്ചു.അവനും വിട്ടുകൊടുത്തില്ല. കിണറ്റിനുള്ളിൽനിന്നും അതിനേക്കാൾ ഉഗ്രമായ അട്ടഹാസം ഉയർന്നു. വിഡ്ഢിയായ ആ സിംഹം ശത്രുവിനെ കൊല്ലുവാൻ കിണറ്റിലേക്കെടുത്തുചാടി. അവൻ വെള്ളത്തിൽ മുങ്ങിപ്പൊങ്ങി. വെള്ളം കുടിച്ചു. അവന്റെ കൈകാലുകൾ കുഴഞ്ഞു. അവസാനം അവന്റെ ശ്വാസം നിലച്ചു. വെള്ളത്തിൽ സ്വന്തം പ്രതിരൂപം കണ്ടു തിരിച്ചറിയാൻ പോലും ബുദ്ധിയില്ലാത്ത സിംഹം അങ്ങനെ ചത്തു മലച്ചു. ബലമുണ്ടായിട്ടെന്തു കാര്യം ? മുയൽ സന്തോഷത്തോടെ മടങ്ങിപ്പോവുകയും ചെയ്തു.

ഗുണപാഠം :: ബുദ്ധിയാണ് ബലം.ബുദ്ധിയില്ലെങ്കിൽ ബലവും നിഷ്പ്രഭമാണ്.