വ്‌ളാഡിയോവിന്റെ നിധി (Vladiyovinte Nidhi) (Vladiyov's Treasure)

                 ചന്തയിലെ പഴക്കച്ചവടക്കാരനായിരുന്നു വ്‌ളാഡിയോവ്. കച്ചവടക്കാരനാണെങ്കിലും അയാളൊരു പാവപ്പെട്ടവനായിരുന്നു. ഒരു വലിയ കുടുംബത്തിന്റെ ചുമതല മുഴുവൻ അയാളുടെ ചുമലിലായിരുന്നു.

                   ഒരു ദിവസം ചന്തയിലേക്കിറങ്ങുമ്പോൾ വ്‌ളാഡിയോവിന്റെ ഇളയ മകൾ കേക്കു വേണമെന്നു പറഞ്ഞു വാശി പിടിച്ചു.

              "ഞാൻ തിരികെ വരുമ്പോൾ വാങ്ങി തരാം ." വ്‌ളാഡിയോവ് മകളെ സമാധാനിപ്പിച്ചിട്ട് പുറപ്പെട്ടു.

                    ഒരു കാട്ടിൽ കൂടി വേണം വ്‌ളാഡിയോവിന്‌ ചന്തയിലെത്താൻ. ചന്തയിൽ അന്നു നല്ല തിരക്കായിരുന്നു. വ്‌ളാഡിയോവിന്റെ പഴങ്ങൾ വേഗം വിറ്റുതീർന്നു. തിരിച്ചു പോരും വഴി അയാൾ മകൾക്കായി നല്ലൊരു കേക്കും കൈയിൽ കരുതി.
     
                 ചന്തയിൽ തിരക്കു കാരണം കാട്ടിലൂടെ പാതി വഴി പിന്നിട്ടപ്പോഴേക്കും വ്‌ളാഡിയോവിനു നല്ല ക്ഷീണം തോന്നി. അയാൾ അരുവിയിൽ നിന്നു വെള്ളം കുടിച്ചു ക്ഷീണം മാറ്റി.

                  "കുറച്ചു വിശ്രമിച്ചിട്ടു പോകാം." വ്‌ളാഡിയോവ് ഒരു മരത്തണലിൽ ഇരുന്നു. പക്ഷെ, അവിടെ ഇരുന്നു അയാൾ ഉറങ്ങിപ്പോയി.

                  വലിയൊരു ശബ്ദം കേട്ടാണ് വ്‌ളാഡിയോവ് കണ്ണ് തുറന്നത്. അതാ, താൻ മകൾക്കായി വാങ്ങിയ കേക്കു മുഴുവൻ പക്ഷികൾ തിന്നിരിക്കുന്നു!

                 ദുഃഖം സഹിക്കാനാവാതെ വ്‌ളാഡിയോവ് അടുത്തുള്ള പാറയിൽ കരിക്കട്ട കൊണ്ട് ഇങ്ങനെ എഴുതി: "നിങ്ങൾ നൂറുപേരും എന്റെ ഒരു  അമ്പിൽ തീരും."
                 
                വ്‌ളാഡിയോവ് പോകാനായി എഴുന്നേറ്റു. ഈ സമയം മറ്റൊരാൾ അരുവിക്കരയിലെത്തിയത് വ്‌ളാഡിയോവ് അറിഞ്ഞില്ല -
                                     
                                   ഒരു കൂറ്റൻ വ്യാളി !


                  'ഹമ്പട ! ഇവന്റെ കഥ കഴിച്ചിട്ടുതന്നെ ബാക്കി കാര്യം! ' വ്യാളി വ്‌ളാഡിയോവിന്റെ അടുത്തെത്തി. പക്ഷെ, കല്ലിൽ എഴുതിയിരിക്കുന്നതു കണ്ട വ്യാളി പേടിച്ചു പോയി.
           
                 വ്യാളി പതുക്കെ വ്‌ളാഡിയോവിന്റെ അടുത്തെത്തി പറഞ്ഞു:
"വരൂ.... ഭക്ഷണം കഴിച്ചിട്ടു പോകാം." വ്യാളി തന്നെ കൂട്ടികൊണ്ടുപോകുന്നത് തിന്നാനാണെന്നു വ്‌ളാഡിയോവിന് മനസ്സിലായി. പക്ഷെ, പോകാൻ മടി കാണിച്ചാൽ അവൻ ഇപ്പോഴേ തന്നെ അകത്താക്കും!

                       വ്‌ളാഡിയോവ് വ്യാളിയോടൊപ്പം അവന്റെ വീട്ടിലെത്തി.
 "ഇരിക്കൂ.എന്തെങ്കിലും കഴിക്കാം." വ്യാളി ഒരു പാത്രം നിറയെ അത്തിപ്പഴം കൊണ്ടു വന്നു വച്ചു.

                         "ആദ്യം എനിക്ക് കുറച്ചു വെള്ളം വേണം." വ്‌ളാഡിയോവ് പറഞ്ഞു. വ്യാളി ഒരു പാത്രത്തിൽ കുറച്ചു വെള്ളം കൊണ്ടു വന്നു.

                           "ഇതെനിക്ക് തൊണ്ട നനയാൻ പോലുമില്ലല്ലോ." വ്‌ളാഡിയോവ് പറഞ്ഞു. അതുകേട്ട വ്യാളി പേടിച്ചു. 'അയ്യോ! ഇവൻ എന്റെ നിധിശേഖരം കണ്ടാൽ അതും തട്ടിയെടുക്കും. അതിനുമുമ്പ് കുറച്ചു കൊടുത്തേക്കാം.'

                              വ്യാളി ഒരു ചാക്കു നിറയെ രത്നങ്ങളുമായി എത്തി. അത്രയും വലിയ ചാക്ക് തനിക്കൊരിക്കലും എടുക്കാനാവില്ലെന്നു വ്‌ളാഡിയോവിന് അറിയാമായിരുന്നു. ഉടനെ വ്‌ളാഡിയോവ് അടുത്ത സൂത്രമെടുത്തു.

                        "ശക്തനായ ഞാൻ ഒരു ചാക്കും ചുമന്നു പോകുന്നത് മോശമല്ലേ ?" അതുകേട്ട വ്യാളി തന്നെ ചാക്കു ചുമന്നു അയാളുടെ വീട്ടിലെത്തി.

                         "ഇവിടെ നിൽക്കൂ." അതും പറഞ്ഞു വ്‌ളാഡിയോവ് അകത്തു കയറി. കുറച്ചു കഴിഞ്ഞപ്പോൾ അകത്തു നിന്നും അയാളുടെ ശബ്ദം:
"വേഗം തയ്യാറായിക്കോ. നമുക്കു തിന്നാൻ ഒരു വ്യാളി എത്തിയിട്ടുണ്ട്."

                             അതുകേട്ട് പേടിച്ചു പോയ വ്യാളി ചാക്ക് താഴെയിട്ടിട്ടു ഓടിപ്പോയി! രത്നങ്ങൾ വിറ്റു നല്ല രീതിയിൽ കച്ചവടം നടത്തി വ്‌ളാഡിയോവും കുടുംബവും പിന്നീട് സുഖമായി ജീവിച്ചു.

ഗുണപാഠം :: ഏതു സാഹചര്യത്തിലും ബുദ്ധിയോടെ പ്രവർത്തിച്ചാൽ ഉയർച്ച ഉണ്ടാവും .

                            

രക്ഷകനായ കൊള്ളക്കാരൻ (Rakshakanaya Kollakkaran) (The Savior Robber)

 ഡാനിലോ എന്നു പേരുള്ള ഒരു  കർഷകൻ ജീവിച്ചിരുന്നു. അയാൾക്ക്‌ ഭാര്യയും കുട്ടികളുമുണ്ടായിരുന്നു. വളരെ ദരിദ്രനായിരുന്ന ആ കുടുംബത്തിന് ആകെയുണ്ടായിരുന്ന സ്വത്തു അല്പം പാൽ നൽകിയിരുന്ന ഒരു പശു മാത്രമായിരുന്നു.

           ദാരിദ്ര്യം സഹിക്കാതെ ഡാനിലോ ഒരു ദിവസം പശുവിനെ വിൽക്കാൻ തീരുമാനിച്ചു. പിറ്റേന്ന് രാവിലെ പശുവിനെ ചന്തയിലേക്കു കൊണ്ടുപോയി ആയിരം പണത്തിന് വിറ്റു.

            പണം കീശയിലിട്ടുകൊണ്ടു അയാൾ വീട്ടിലേക്കു നടന്നു. വഴിയിൽ ഒരു അങ്ങാടിയിൽ അയാൾ വിശ്രമിക്കാനായി അൽപനേരം ഇരുന്നു.

            അപ്പോൾ അവിടെ ഒരു തൂക്കുമരം സ്ഥാപിച്ചിരിക്കുന്നത് ഡാനിലോ കണ്ടു. അതിനടുത്ത് ഒരു പട്ടാളക്കാരൻ നിൽക്കുന്നുണ്ട്.

             പട്ടാളക്കാരൻ ഉച്ചത്തിൽ വിളിച്ചു പറയുകയാണ് :

" എല്ലാവരും ശ്രദ്ധിക്കൂ ! കുറ്റവാളിയായ ഒരുവന് ശിക്ഷ വിധിച്ചിരിക്കുന്നു. ആയിരം പണം നൽകി നിങ്ങളാരെങ്കിലും മോചിപ്പിക്കാത്ത പക്ഷം അവനെ തൂക്കിക്കൊല്ലുന്നതായിരിക്കും.!"

                വൈകാതെ അനേകം പ്രഭുക്കന്മാർ അവിടെ എത്തിച്ചേർന്നു, ന്യായാധിപനും  പ്രത്യക്ഷപെട്ടു. താമസിയാതെ പട്ടാളക്കാർ കുറ്റവാളിയുമായി എത്തി.

               ആൾക്കൂട്ടത്തെ നോക്കി ന്യായാധിപൻ പറഞ്ഞു:
"നിങ്ങളെല്ലാവരും വിളംബരം കേട്ടുവല്ലോ. ആരെങ്കിലും മോചനദ്രവ്യം നൽകി ഇയാളെ  രക്ഷിക്കുന്നുണ്ടോ?"

                 ആരും ശബ്‌ദിച്ചില്ല .
     
         ന്യായാധിപൻ വീണ്ടും ചോദിച്ചു:
"മോചനദ്രവ്യം നൽകാൻ ആരെങ്കിലും തയ്യാറുണ്ടോ?"

           എല്ലാവരും തലകുനിച്ചു നിന്നതേയുള്ളൂ!
           
            അതോടെ ന്യായാധിപന്റെ അനുമതിയോടെ പട്ടാളക്കാർ വധശിക്ഷ നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചു.

              ഡാനിലോ കീശയിൽ കൈയിട്ടു നോക്കി. കീശയിൽ പണമുണ്ട്. ആ പണം തന്നെ പൊള്ളിക്കുന്നതായി അയാൾക്ക്‌ തോന്നി.

              പിന്നെ അയാൾക്കു പിടിച്ചു നിൽക്കാനായില്ല .

            "പണം ഞാൻ തരാം. ഇതാ, ആയിരം പണം." ഡാനിലോ പറഞ്ഞു.

            പണം സ്വീകരിച്ച് ന്യായാധിപൻ കുറ്റവാളിയെ മോചിപ്പിച്ചു.

             "എന്നോടൊപ്പം വരൂ സുഹൃത്തേ." മോചിതനായ കുറ്റവാളിയെയും കൂട്ടി ഡാനിലോ ഗ്രാമത്തിലെത്തി.

           അങ്ങാടിയിൽ നടന്ന കാര്യങ്ങളെല്ലാം ഡാനിലോ എത്തുന്നതിനു മുമ്പ് തന്നെ ഗ്രാമത്തിൽ പാട്ടായിരുന്നു.

           ഒരു മോഷ്ടാവിനെ രക്ഷപെടുത്താനായി  പശുവിനെ വിറ്റ പണം ഡാനിലോ ഉപയോഗിച്ചു എന്ന് ഗ്രാമവാസികൾ പറയാൻ തുടങ്ങി.

           ഡാനിലോ തന്റെ വീട്ടിലെത്തി. വീടിന്റെ ഗേറ്റിനടുത്ത് ഭാര്യ നിൽക്കുന്നുണ്ടായിരുന്നു. "ഒരു കൊള്ളക്കാരെനെയാണോ നിങ്ങൾ കൊണ്ടുവരുന്നത്?" ഭാര്യ ചോദിച്ചു.

             അതുവരെ നിശ്ശബ്ദനായിരുന്ന ആ കുറ്റവാളി പെട്ടെന്ന് പറഞ്ഞു:
"സഹോദരീ , വിഷമിക്കരുത്. അധികം വൈകാതെ നിങ്ങൾക്ക് വേണ്ടതെല്ലാം കിട്ടും."

              രണ്ടു ദിവസം അയാൾ ഡാനിലോയുടെ കുടുംബത്തിനൊപ്പം കഴിഞ്ഞു.
മൂന്നാം ദിവസം ആരോടും പറയാതെ യാത്രയാവുകയും ചെയ്തു.

          എന്നാൽ പിറ്റേന്ന് രണ്ടു നല്ല പശുക്കളും പത്തു ചാക്കു നിറയെ ഗോതമ്പുമായി അയാൾ മടങ്ങി വന്നു.
   
              "ഇതു നിങ്ങൾക്കുള്ളതാണ്." - അയാൾ ഡാനിലോയോട് പറഞ്ഞു.

          "ഇതെല്ലം എവിടെ നിന്നു  മോഷ്ടിച്ചതാണ്?" - ഡാനിലോയോട് ഭാര്യ ചോദിച്ചു.

            "ഞാനൊരു മോഷ്ടാവല്ല. സഹോദരീ . തട്ടിപ്പുകാരനായ ധനികരിൽനിന്ന് എടുക്കുന്നത് സാധുക്കൾക്ക് നൽകുക മാത്രമാണ് ഞാൻ ചെയ്യുന്നത്."

       അത്രയും പറഞ്ഞു അയാൾ തിരിച്ചു നടന്നു. ഡാനിലോയും ഭാര്യയും അദ്‌ഭുതത്തോടെ ആ പോക്കു നോക്കി നിന്നു. നന്മയുള്ള ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കാനായതിൽ അവർക്കു അഭിമാനം തോന്നി.

ഗുണപാഠം :: മനസ്സിൽ നന്മയുള്ളവരെ ദൈവം രക്ഷിക്കും .

കുരങ്ങുരാജാവിന്റെ ത്യാഗം (Kurangu rajavinte Thyagam) (The Monkey Kings's Sacrifice)

                                                ഒരു കാട്ടിൽ ഒരു സംഘം കുരങ്ങന്മാർ വളരെ മധുരമുള്ള മാമ്പഴങ്ങളുള്ള ഒരു മാവിൻചുവട്ടിൽ വസിച്ചു വന്നു. എല്ലാ കുരങ്ങന്മാരും കുരങ്ങു രാജാവിന്റെ വാക്കുകൾ അനുസരിച്ചാണ് ജീവിച്ചു പോന്നത്.
                                                                           "കൂട്ടുകാരേ, നമ്മൾ ഈ മാമ്പഴങ്ങൾ തിന്നു സന്തോഷത്തോടെ ജീവിച്ചു കൊണ്ടിരിക്കുന്നു. പക്ഷെ എന്തോ ഒരപകടം സംഭവിക്കാൻ പോകുന്നൂവെന്ന് എന്റെ മനസ്സ് മന്ത്രിക്കുന്നുണ്ട്".

"മഹാരാജാവ് എന്താണുദ്ദേശിക്കുന്നത്"?

"നമ്മുടെ കാട്ടിനുള്ളിൽ ഈ രാജ്യത്തെ മഹാരാജാവ് വേട്ടയാടാനായി വന്നിട്ടുണ്ട്. അദ്ദേഹം ഈ മാമ്പഴങ്ങൾ രുചിച്ചിട്ടില്ല. രുചിച്ചു  നോക്കിയാൽ പിന്നെ അതു നമുക്ക് ആപത്താണ്".

 "അതിനിപ്പോൾ നാം എന്താണ് ചെയ്യുക"....?

 "സൂക്ഷിച്ചിരിക്കണം... ഒരു മാമ്പഴം പോലും നദിയിൽ വീഴാതെ സൂക്ഷിക്കണം. നദിക്കു മുകളിലുള്ള ശാഖയിലുള്ള പൂവ്, കായ്‌, പഴങ്ങൾ ഇവയെല്ലാം നിങ്ങൾ പറിച്ചെടുക്കുവിൻ".

രാജാവ് പറഞ്ഞതനുസരിച്ചു കുരങ്ങന്മാർ അവയെല്ലാം പറിച്ചു വലിച്ചെറിഞ്ഞു.
വളരെ സൂക്ഷിച്ചു പ്രവർത്തിച്ചിട്ടു പോലും ഒരു മാമ്പഴം നദിയിൽ വീണു!
നദിയിലൂടെ ഒഴുകി ചെന്ന അത് രാജാവിന്റെ അംഗരക്ഷകന്‌ ലഭിച്ചു. അയാൾ രാജാവിനെ സമീപിച്ച്‌: "മഹാരാജൻ ഇതു നോക്കൂ ഇത് അപൂർവമായ മാമ്പഴമാണ്‌".

"അത് ശെരി. ഇത് എവിടെ നിന്നാണ് കിട്ടിയത്" ?

"നദിയിൽ നിന്നാണ് കിട്ടിയത്. കാട്ടിനുള്ളിൽ നിന്ന് വന്നതായിരിക്കും"...

"ശെരി. നമുക്ക് ആ മരമെവിടെയാണെന്നു നോക്കാം".

അവിടെ എത്തിച്ചേർന്ന മഹാരാജാവ് എല്ലാവരോടും മാമ്പഴം രുചിക്കുവാൻ പറഞ്ഞു.
അന്നു രാത്രി കുരങ്ങന്മാർ മാമ്പഴം തിന്നാനായി വന്നു.

"മന്ത്രി, എന്താണ് ഇവിടെ ഒരു ശബ്ദം"..?

"കുരങ്ങന്മാരുടെ ബഹളമാണ് രാജൻ"

"അങ്ങനെയാണെങ്കിൽ നാളെ അവയെ വേട്ടയാടുവാൻ കൽപിക്കൂ".

"അയ്യോ...! കുടുങ്ങി....!

ക്ഷമിക്കുവിൻ, ക്ഷമിക്കുവിൻ.

രക്ഷപെടാനുള്ള മാർഗ്ഗം ഞാൻ പറഞ്ഞു തരാം."

കുരങ്ങു രാജാവ് നല്ല നീളവും ബലവുമുള്ള ഒരു വള്ളി മരത്തിൽ കെട്ടി... അതിന്റെ മറ്റേ അറ്റം തന്റെ അരയിലും കെട്ടി...

"ഞാൻ അക്കരക്കു ചെന്ന് അവിടെയുള്ള മരത്തിൽ ഈ വള്ളിയുടെ അറ്റം കെട്ടാം.
പിന്നീട് ഓരോരുത്തരായി അക്കരക്കു വന്നാൽ മതി."
കുരങ്ങു രാജാവ് ചാടി ചെന്ന് അക്കരെയുള്ള മരത്തിൽ വള്ളിയുടെ അറ്റം കെട്ടാൻ ശ്രമിച്ചു.
പക്ഷെ അതിനു നീളം പോരാ.
എന്ത് ചെയ്യണമെന്നറിയാതെ താൻ തന്നെ ഈ മരത്തിൽ പിടിച്ചു തൂങ്ങി കിടക്കണമെന്നു അതു വിചാരിച്ചു.

കുരങ്ങന്മാർ ഓരോരുത്തരായി ഈ വള്ളിയിൽ പിടിച്ചു തൂങ്ങി ഇക്കരക്കു വന്നുചേർന്നു...ഇതു മഹാരാജാവ് കാണുന്നുണ്ടായിരുന്നു...!

"എന്താണ് ആലോചിക്കുന്നത് .വേഗം എന്റെ മുകളിൽ കൂടി കയറി പോകൂ."

"ഞാനെങ്ങനെ രാജാവിന്റെ മുകളിൽ കൂടി ..."

"അതൊന്നും ആലോചിക്കാൻ സമയമില്ല. ഉം... വേഗം...."

"കണ്ടില്ലേ മന്ത്രി, ആ കുരങ്ങൻ തന്റെ കൂട്ടുകാരെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന്."
എല്ലാ കുരങ്ങന്മാരും ഇക്കരെ  എത്തി. ഒടുവിൽ കുരങ്ങു രാജാവിനെ ശത്രുവായി കാണുന്ന ഒരുവൻ വന്നു. പ്രതികാരം ചെയ്യാൻ ഇതാണ് തക്ക  സമയമെന്നു കരുതിയ ആ കുരങ്ങൻ രാജാവിനെ ചവിട്ടി തള്ളി താഴെ ഇട്ടു, താഴെ വീണ കുരങ്ങു രാജാവിന് വല്ലാതെ പരിക്ക് പറ്റി. ഈ ദൃശ്യം കണ്ട രാജാവ് കുരങ്ങിനെ രക്ഷിക്കാൻ ചെന്നു.
"മഹാരാജാവേ, എനിക്ക് വിഷമമില്ല... എന്റെ കൂട്ടുകാരെ രക്ഷിക്കാൻ സാധിച്ചതിൽ എനിക്ക് സന്തോഷമുണ്ട്..."

ഗുണപാഠം :: സ്വയം ത്യാഗം ചെയ്യലാണ് മികച്ച ത്യാഗം 

കുളത്തിലെ മീനുകൾ (kulathile meenukal) (The three fishes)


                                             

                                ഒരു കുളത്തിൽ മൂന്നു മത്സ്യങ്ങളുണ്ടായിരുന്നു.

അതിൽ, ഒരാൾ, ആപത്തുകൾ മുൻകൂട്ടി മനസ്സിലാക്കി രക്ഷപെടുമായിരുന്നു.

രണ്ടാമത്തെ മീൻ, ധൈര്യശാലിയായിരുന്നു. ഏതാപത്തിനെയും അവൻ  ധൈര്യത്തോടെ നേരിടുമായിരുന്നു.

മൂന്നാമത്തെ മീൻ, കുഴിമടിയനായിരുന്നു. വരുന്നത് വരുന്നിടത്ത് വച്ചു കാണാം എന്നതായിരുന്നു അവന്റെ സ്വഭാവം.

അങ്ങനെയിരിക്കെ, ഒരു ദിവസം രണ്ടു മനുഷ്യർ ആ കുളക്കരയിലെത്തി.





                                           അവരിൽ ഒരാൾ പറഞ്ഞു.
"ഈ കുളത്തിൽ നല്ല മുഴുത്ത മത്സ്യങ്ങൾ ഉണ്ട്. നാളെ നമുക്ക് വലയിട്ട് അവയെ പിടിക്കാം."

 ഈ സംഭാഷണം മത്സ്യങ്ങൾ കേട്ടു.
ഒന്നാമൻ  അപ്പോൾ തന്നെ അടുത്തുള്ള പുഴയിലോട്ടു രക്ഷപെട്ടു.

പിറ്റേന്ന് വലയുമായി മീൻ പിടിക്കാൻ ആളെത്തി.

ഇത് കണ്ടു രണ്ടാമത്തെ മീൻ ചത്തതുപോലെ കിടന്നു.
ചത്ത മത്സ്യത്തെ ഒരു മനുഷ്യൻ എടുത്ത് ദൂരേക്കെറിഞ്ഞു. പെട്ടെന്ന് അവൻ അടുത്ത കുളത്തിലേക്ക്‌ രക്ഷപെട്ടു.

മൂന്നാമനാകട്ടെ  രക്ഷപെടാനൊരുപായവുമില്ലാതെ വലയിൽ കിടന്നു പിടഞ്ഞു കൊണ്ടേയിരുന്നു.

ഗുണപാഠം :: മടിയന്മാർക്കു രക്ഷപ്പെടാൻ കഴിയില്ല. 




നീലകുറുക്കൻ (Neelakurukkan) (The Blue Fox)(The Blue Jackal) (The Cunning Fox)

                               ഒരു കാട്ടിൽ ഒരു കുറുക്കൻ വസിച്ചിരുന്നു. അന്ന് കാട്ടിൽ മുഴുവനും അലഞ്ഞു തിരിഞ്ഞിട്ടും ഇര കിട്ടാത്തതിനാൽ പട്ടണത്തിലേക്കു കടന്നു.

നഗരവീഥികളിലെത്തിയപ്പോൾ തന്നെ പട്ടികൾ പിന്തുടരുന്നത് കണ്ടു അടുത്തുള്ള ചായം മുക്കുന്ന ഒരു ശാലയിലേക്ക് കയറി. അവിടെ നീലനിറച്ചായം വച്ചിരുന്ന ചായത്തൊട്ടിയിൽ വീണു. പിന്തുടർന്ന് വന്ന പട്ടികൾ കുറുക്കനെ കാണാത്തതിനാൽ തിരിച്ചു പോയി.

ഇതറിഞ്ഞ കുറുക്കൻ പുറത്തു വന്നു കാട്ടിലേക്ക് പോയി. കാട്ടിലുണ്ടായിരുന്ന എല്ലാ മൃഗങ്ങളും ഒരു പുതിയ മൃഗം വരുന്നത് കണ്ടു പേടിച്ചു.

തന്നെ കണ്ട് എല്ലാ മൃഗങ്ങളും പേടിക്കുന്നു എന്നറിഞ്ഞ കുറുക്കൻ എല്ലാവരേയും കബളിപ്പിക്കാൻ തീരുമാനിച്ചു.


   എല്ലാ മൃഗങ്ങളേയും വിളിച്ച്, "സുഹൃത്തുക്കളെ, നിങ്ങളെ എല്ലാവരേയും  നയിക്കാനായി ദൈവം എന്നെ അയച്ചതാണ്. ഇനി മുതൽ ഈ കാടിന്റെ രാജാവ് ഞാനാണ്." എന്നു പറഞ്ഞു. എല്ലാ മൃഗങ്ങൾക്കും സന്തോഷമായി.

ദിവസവും പുതിയ രാജാവിനുള്ള ഭക്ഷണവും മറ്റുള്ള ജോലികളും ചെയ്തു കൊടുത്തു.

ഒരു ദിവസം കുറുക്കൻ സിംഹാസനത്തിൽ ഇരുന്നപ്പോൾ ഒരുകൂട്ടം കുറുക്കന്മാർ ഓരിയിടുന്നത് കേട്ടിട്ട് അവനും സ്വയം മറന്നു ഓരിയിട്ടു .

ഉടനെ കാര്യം മനസിലാക്കിയ എല്ലാ മൃഗങ്ങളും ചേർന്ന് കുറുക്കനെ വിരട്ടി ഓടിച്ചു.

ഗുണപാഠം :: അർഹതയില്ലാത്തത് ആഗ്രഹിക്കരുത്.